കോഴിക്കോട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ബിജെപി പ്രവർത്തകർ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.രഘുനാഥ്. മുഖ്യമന്ത്രി പിണറായി വിജയൻ കെ.സുരേന്ദ്രനെതിരെ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണ്. മഞ്ചേശ്വരം കേസിൽ ക്രൈംബ്രാഞ്ച് കള്ള കുറ്റപത്രം സമർപ്പിച്ചത് എന്തിനാണെന്ന് എല്ലാവർക്കുമറിയാമെന്നും പി. രഘുനാഥ് പറഞ്ഞു.
സുരേന്ദ്രനെതിരെ തെളിവില്ലാത്തത് കൊണ്ടാണ് ഒന്നര വർഷമായിട്ടും ക്രൈംബ്രാഞ്ചിന് ഒന്നും ചെയ്യാൻ കഴിയാതിരുന്നത്. ശബരിമല പ്രക്ഷോഭകാലത്തിനേതിന് സമാനമായ രീതിയിൽ സുരേന്ദ്രനെ വേട്ടയാടാനാണ് പിണറായി വിജയൻ ലക്ഷ്യമിടുന്നത്. മുന്നൂറോളം കള്ളക്കേസെടുത്തിട്ടും പതറാത്ത നേതാവാണ് സുരേന്ദ്രനെന്ന് പിണറായി വിജയൻ മനസിലാക്കണം. ഈ കള്ളക്കേസും ബിജെപി നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളെ മറച്ചുപിടിക്കാനാണ് കെ.സുരേന്ദ്രനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ പ്രതികരിച്ചു. ഒന്നരവർഷമായി അന്വേഷിച്ചിട്ടും എവിടെയുമെത്താത്ത കേസ് വീണ്ടും ഉയർത്തിക്കൊണ്ട് വരുന്നത് സർക്കാർ പ്രതിസന്ധിയിലായതു കൊണ്ട് മാത്രമാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു.
Comments