ലക്‌നൗ: രാമജന്മഭൂമിയിലെ അയോദ്ധ്യക്ഷേത്ര നിർമ്മാണം പുരോഗമിക്കുന്നതിനിടെ അയോദ്ധ്യയിലെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. രാമായാണത്തിലെ കഥാപാത്രങ്ങളുടെ പേരിലുള്ള കവാടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ലക്‌നൗ,ഗോരഖ്പൂർ,റായ്ബറേലി,പ്രയാഗ് രാജ്,ഗോണ്ട, വാരണാസി തുടങ്ങിയ സ്ഥലങ്ങളിലാണ് അയോദ്ധ്യയിലേക്കുള്ള കൂറ്റൻ പ്രവേശന കവാടങ്ങൾ ഒരുങ്ങുന്നത്. ഈ ഓരോ സ്ഥലങ്ങളിൽ നിന്നുമെത്തുന്നവരെ ഓരോ രാമായണ കഥാപാത്രങ്ങളുടെ പേരിലുള്ള ഗേറ്റുകളായിരിക്കും സ്വാഗതം ചെയ്യുന്നത്.
അത്യാധുനിക സൗകര്യങ്ങളാണ് ഓരോ പ്രവേശന കവാടത്തിലും സജ്ജമാക്കിയിരിക്കുന്നത്. വിശാലമായ പാർക്കിംഗ് ഏരിയ, ടോയ്‌ലറ്റ് സംവിധാനം, റെസ്‌റ്റോറന്റുകൾ, ഹോട്ടലുകൾ, തുടങ്ങിയ സൗകര്യങ്ങളാണ് ഭക്തർക്കായി ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ക്ഷേത്രത്തിന്റെ പകുതിയോളം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
2024 മകരസംക്രാന്തി ദിനത്തിലാകും അയോദ്ധ്യ ക്ഷേത്രത്തിൽ രാംലല്ലയുടെ വിഗ്രഹം സ്ഥാപിക്കുക. 8.5 അടി ഉയരമുള്ള വിഗ്രഹമാണ് സ്ഥാപിക്കുന്നത്. ക്ഷേത്ര ശ്രീകോവിലിന് പുറത്തുള്ള നിർമ്മാണങ്ങളും പുരോഗമിക്കുകയാണ്. ക്ഷേത്രത്തിലെ ഗർഭഗൃഹത്തിൽ ഭഗവാൻ രാമന്റെ ബാലരൂപത്തിലുള്ള വിഗ്രഹത്തെയാണ് ആരാധിക്കുന്നതെന്നും ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് വ്യക്തമാക്കി.















