അണ്ണാൻ പോലുള്ള ചെറിയ മൃഗങ്ങളെ പിന്തുടരുന്നത് പല നായ്ക്കളുടെയും പ്രിയപ്പെട്ട വിനോദമാണ്. അണ്ണാൻ, പൂച്ച, മുയൽ എന്നിങ്ങനെയുള്ള മൃഗങ്ങൾക്ക് പിന്നാലെ തരം കിട്ടുമ്പോഴൊക്കെ നായ പായും. ഇപ്പോഴിതാ, അത്തരത്തിൽ ഒരു അണ്ണാന് പിന്നാലെ പാഞ്ഞ നായയ്ക്ക് പറ്റിയ അമളിയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചിരി പടർത്തുന്നത്.
യുഎസിലെ ഐഡഹോയിലാണ് രസകരമായ സംഭവം. ഒരാഴ്ചയായി വീട്ടു മുറ്റത്ത് കളിച്ചു നടന്നിരുന്ന അണ്ണാനെ പിടികൂടാൻ ശ്രമിക്കുകയായിരുന്ന വീട്ടിൽ വളർത്തുന്ന നായ. അണ്ണാനെ ഓടിച്ചിട്ട് പിടാക്കാനുള്ള ആവേശത്തിൽ അണ്ണാനൊപ്പം മരത്തിലും നായ വലിഞ്ഞു കയറി. ഇതോടെ മരത്തിന് മുകളിൽ കുടുങ്ങി പോകുകയായിരുന്നു നായ.
മണിക്കൂറുകളോളം മരത്തിൽ കുടുങ്ങിയിരുന്ന നായയെ അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് താഴെ ഇറക്കിയത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. ഫോട്ടോകളിൽ, അഗ്നിശമന സേനാംഗങ്ങൾ ശിഖരത്തിൽ നിന്നും നായയെ എടുക്കാൻ ഗോവണിയിൽ കയറുന്നത് കാണാം. നായയെ ജീവനക്കാർ സുരക്ഷിതമായി പുറത്തെടുത്ത് ഭക്ഷണം നൽകി.














