ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രിക്കെതിരായ പ്രൊപ്പഗണ്ടയുടെ ഭാഗമാണ് ബിബിസിയുടെ പുതിയ ഡോക്യുമെന്ററിയെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് പുറത്തിറക്കിയ ഡോക്യുമെന്ററിക്കെതിരെയാണ് അരിന്ദം ബാഗ്ച്ചിയുടെ പ്രതികരണം. മോദിയെക്കുറിച്ച് ഹീനമായ വിവരണം തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപന ചെയ്ത ഡോക്യുമെന്ററിയാണെന്ന് അരിന്ദം ബാഗ്ച്ച് പ്രതികരിച്ചു.
വിവാദ ഡോക്യുമെന്ററി ഇന്ത്യയിൽ ഇതുവരെയും പ്രദർശിപ്പിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതൊരു പ്രൊപ്പഗണ്ടയുടെ ഭാഗമാണെന്ന് ഞങ്ങൾ കരുതുന്നു. വസ്തുതകളുടെ അഭാവം, പക്ഷപാതപരമായ കാഴ്ചപ്പാട്, കൊളോണിയൽ മനോഭാവം എന്നിവ ഈ ഡോക്യുമെന്ററിയിലൂടെ വ്യക്തമായി പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോക്യുമെന്ററിയിലൂടെ എന്താണോ കാണാൻ സാധിക്കുന്നത് അതെല്ലാം തന്നെ ഈ ചിത്രം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരുടെ പ്രതിഫലനമാണ്. ഇത്തരമൊരു ഡോക്യുമെന്ററി തയ്യാറാക്കിയതിന്റെ ലക്ഷ്യമെന്തായിരിക്കുമെന്ന് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. ഇത്തരം പരിശ്രമങ്ങളെ മാന്യതയോടെ നോക്കിക്കാണാൻ ആഗ്രഹിക്കുന്നില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
2022ൽ ഗോധ്രാ കലാപത്തെ തുടർന്നുണ്ടായ സംഭവവികാസങ്ങളും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെക്കുറിച്ചുമാണ് ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയിലുള്ളത്. ദി മോദി ക്വസ്റ്റ്യൻ എന്ന് പേരിലാണ് ഡോക്യുമെന്ററി പുറത്തിറക്കിയിരിക്കുന്നത്.
Comments