തിരുവനന്തപുരം: സ്കൂൾ കലോത്സവങ്ങളിൽ മാംസാഹാരം നൽകണമെന്ന ആവശ്യത്തെ തള്ളി നിയമസഭാ സ്‌പീക്കർ എ.എൻ ഷംസീർ. കലോത്സവ വേദികളിൽ മാംസാഹാരം കഴിക്കണമെന്ന് നിർബന്ധമുള്ളവർ പുറത്തു പോയി കഴിക്കട്ടെ എന്ന് ഷംസീർ പറഞ്ഞു. കോഴിക്കോട് കലോത്സവുമായി ബന്ധപ്പെട്ട് ആസൂത്രിതമായി സൃഷ്ടിച്ച വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു സ്പീക്കർ. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് തന്റെ നിലപാട് എ.എൻ ഷംസീർ തുറന്നു പറഞ്ഞത്.
‘എനിക്ക് നോൺ വെജ് ഭക്ഷണത്തോടാണ് പ്രിയം. പക്ഷേ, യുവജനോത്സവം പോലെയുള്ള ഒത്തുചേരലുകളിൽ എല്ലാവർക്കും കഴിക്കാൻ പറ്റുന്ന ഭക്ഷണമെന്ന നിലയിൽ വെജിറ്റേറിയൻ ഭക്ഷണമാണ് നല്ലത്. ചിക്കൻ ബിരിയാണി കഴിച്ചിട്ട് ഒരു കുട്ടിക്ക് എങ്ങനെയാണ് സ്റ്റേജിൽ നൃത്തം ചെയ്യാനാകുക. വെജിറ്റേറിയൻ എല്ലാവർക്കും കഴിക്കാം എന്നാൽ നോൺ വെജ് അങ്ങനെയല്ല. നോൺ വെജ് കഴിച്ചേ മതിയാകൂ എന്നുള്ളവർ പുറത്തു പോയി കഴിക്കട്ടെ’ എന്ന് ഷംസീർ പറഞ്ഞു.
കലോത്സവ സമയത്ത് ഉണ്ടായത് അനാവശ്യ വിവാദമാണെന്നും സ്പീക്കർ വ്യക്തമാക്കി. ജാതി പറഞ്ഞ് പഴയിടം മോഹൻ നമ്പൂതിരിയെ കൂട്ടം ചേർന്ന് ആക്രമിക്കാനും വെജിറ്റേറിയൻ ഭക്ഷണത്തിൽ മതം കലർത്താനുമുള്ള ആസൂത്രിത ശ്രമമാണ് കോഴിക്കോട് കലോത്സവ വേദിയിൽ നടന്നത്. വിവാദങ്ങളിൽ മുഖ്യമന്ത്രിയും സർക്കാരും പഴയിടത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാത്തതും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അടുത്ത വർഷം മുതൽ കലോത്സവത്തിൽ നോൺ വെജ് ഭക്ഷണം വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരിക്കെയാണ് സ്പീക്കർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
Comments