കോട്ടയം: സംസ്ഥാനത്ത് സ്ത്രീധനം മാത്രമല്ല ചതിക്കപ്പെട്ടുള്ള വിവാഹങ്ങളും നിയന്ത്രിക്കാൻ സംവിധാനം കൊണ്ടുവരണമെന്ന് സർക്കാരിനോട് കെസിബിസി. പെൺകുട്ടികൾ തീവ്രവാദ സംഘങ്ങളിലും യക്കുമരുന്ന് മാഫിയകളിലും എത്തിപ്പെടുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ത്രീധന പീഡനംപോലെ തന്നെ ചെറുക്കപ്പെടേണ്ട വിപത്താണിതെന്നും രഹസ്യ വിവാഹങ്ങൾ തടയാനും നപടി സ്വീകരിക്കണമെന്നും കെസിബിസി ജാഗ്രതാ സമിതി ആവശ്യപ്പെട്ടു.
കബളിപ്പിച്ചും കെണികളിൽ പെടുത്തിയുള്ള വിവാഹങ്ങൾ കഴിഞ്ഞ ചില വർഷങ്ങൾക്കുള്ളിൽ കേരളം പലതും കണ്ടുകഴിഞ്ഞു. മാതാപിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ ഒട്ടേറെ വിവാഹങ്ങൾ നടന്നുകഴിഞ്ഞു. കോടതിമുറികളിൽ മാതാപിതാക്കളുടെ കണ്ണീര് വീണ സംഭവങ്ങൾ നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ലേഖനത്തിൽ പറയുന്നു. രഹസ്യ വിവാഹങ്ങൾ തടയാൻ സ്വീകരിക്കേണ്ട നടപടികളും ലേഖനത്തിൽ അക്കമിട്ട് നിരത്തുന്നു.
‘‘സ്ത്രീധന സംബന്ധമായ കുറ്റകൃത്യങ്ങൾ ചെറുക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ സ്വാഗതാർഹമാണ്. വിസ്മയയുടെ ആത്മഹത്യയെ തുടർന്നുള്ള ചർച്ചകളും അതിൽനിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങളുമാണ് സ്ത്രീധന നിരോധന ചട്ടം ഭേദഗതി ചെയ്യാനുള്ള തീരുമാനത്തിലേക്ക് എത്തിനിൽക്കുന്നത്. സംസ്ഥാന വനിതാ കമ്മീഷന്റെ ശുപാർശകളാണ് ഇത് സംബന്ധിച്ച് സർക്കാരിന്റെ മുന്നിൽ പ്രധാനമായും ഉണ്ടായിരുന്നത്. പിന്നീട് വിവിധ വനിതാ സംഘടനകളുടെ സമ്മർദ്ദ ഫലമായാണ് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വഴിയൊരുങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ.
വിവാഹങ്ങളെ ദുരന്തങ്ങളിലേയ്‌ക്ക് എത്തിക്കുന്നത് സ്ത്രീധനം മാത്രമല്ല എന്ന വസ്തുത കൂടി ഈ സാഹചര്യത്തിൽ ഏവരും മനസിലാക്കേണ്ടതുണ്ട്. വിവാഹത്തിന് ശേഷം ഏറെ വൈകാതെ സംഭവിച്ചിട്ടുള്ള ആത്മഹത്യകളിൽ ഒരു ഭാഗം മാത്രമാണ് സ്ത്രീധന പീഡനങ്ങൾ മൂലം സംഭവിച്ചിട്ടുള്ളത്. ചതിക്കപ്പെട്ടു എന്നും അബദ്ധം സംഭവിച്ചു എന്നുമുള്ള തിരിച്ചറിവും, മറ്റ് പലവിധ സമ്മർദ്ദങ്ങളും, വിവാഹം ചെയ്ത വ്യക്തിയുടെ ക്രിമിനൽ പശ്ചാത്തലങ്ങളും തുടങ്ങിയ കാരണങ്ങളാണ് കൂടുതൽ പെൺകുട്ടികളെ ആത്മഹത്യകളിലേയ്‌ക്ക് നയിച്ചിട്ടുള്ളത്. ഇതേ കാരണങ്ങളാലുള്ള വിവാഹമോചനങ്ങളും കുടുംബ തകർച്ചകളും നിരവധിയാണ്. വിവാഹിതരാകുന്ന പെൺകുട്ടികൾ മയക്കുമരുന്ന് മാഫിയകളിലും, തീവ്രവാദ സംഘങ്ങളിലും എത്തിപ്പെടുന്ന സംഭവങ്ങളും നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന വിവാഹങ്ങളിലാണ് ഏറിയപങ്കും ഇപ്രകാരം സംഭവിക്കുന്നത്.
രഹസ്യമായി നടക്കുന്ന വിവാഹങ്ങൾ, കബളിപ്പിച്ചും വഞ്ചിച്ചും കെണികളിൽ പെടുത്തിയും നടക്കുന്ന വിവാഹങ്ങൾ എന്നിങ്ങനെ കഴിഞ്ഞ ചില വർഷങ്ങൾക്കുള്ളിൽ കേരളം പലതും കണ്ടുകഴിഞ്ഞു. മാതാപിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ ഒട്ടേറെ വിവാഹങ്ങൾ നടന്നുകഴിഞ്ഞു. കോടതിമുറികളിൽ മാതാപിതാക്കളുടെ കണ്ണീര് വീണ സംഭവങ്ങൾ നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുടുംബങ്ങളെ തന്നെ ഇല്ലാതാക്കുന്ന, നിരവധി മാതാപിതാക്കളുടെയും പെൺകുട്ടികളുടെയും ജീവനെടുത്തുകഴിഞ്ഞിട്ടുള്ള ഇത്തരം രഹസ്യ വിവാഹങ്ങളും, കെണികളിൽ പെടുത്തിയുള്ള വിവാഹങ്ങളും നിയന്ത്രിക്കപ്പെടുക തന്നെ വേണം.
അതിനായി ചില കാര്യങ്ങൾ ബഹുമാനപ്പെട്ട സർക്കാരിന്റെയും വനിതാ കമ്മീഷന്റെയും ശ്രദ്ധയ്‌ക്കായി സൂചിപ്പിക്കുന്നു:
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്‌ട്രേഷനായി അപേക്ഷ സമർപ്പിക്കപ്പെട്ടതിന് ശേഷം, വിവാഹം രജിസ്റ്റർ ചെയ്യപ്പെടുന്നതിന് മുമ്പായി ഇരുവരുടെയും മാതാപിതാക്കൾ ഈ വിവരം അറിഞ്ഞിട്ടുണ്ട് എന്ന് ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിക്കണം. പതിനെട്ട് വയസ്സുവരെ കുട്ടികളെ പരിപാലിച്ച മാതാപിതാക്കൾക്ക് അതിനുള്ള അവകാശമുണ്ട്.
സ്ഥിരതാമസമാക്കിയ ഇടത്തുനിന്ന് മാറി വിദൂരങ്ങളിലുള്ള രജിസ്ട്രാർ ഓഫീസുകളിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതായുള്ള റിപ്പോർട്ടുകളുണ്ട്. അത്തരം സാഹചര്യങ്ങളിൽ, സ്ഥിര വിലാസം ഉള്ള സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിവാഹ നോട്ടീസ് പരസ്യപ്പെടുത്താനുള്ള നടപടി സ്വീകരിക്കണം.
ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികൾ പെൺകുട്ടികളെ ചതിയിൽ പെടുത്തി വിവാഹം രജിസ്റ്റർ ചെയ്യുകയും, ശേഷം അവർ കുറ്റകൃത്യങ്ങളുടെ ഭാഗമാവുകയും ചെയ്തതായുള്ള റിപ്പോർട്ടുകൾ പലതുണ്ട്. ഇക്കാര്യം പരിഗണിച്ച്, വിവാഹാർത്ഥികൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബ്ബന്ധമാക്കണം.
രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിൽ വിവാഹ നോട്ടീസ് പരസ്യപ്പെടുത്തി വന്നിരുന്നത് 2020 ൽ പ്രത്യേക ഉത്തരവ് പ്രകാരം അവസാനിപ്പിക്കുകയുണ്ടായിരുന്നു. അത് പുനരാരംഭിക്കണം.
സ്പെഷ്യൽ മാര്യേജ് ആക്ടിലെ പഴുതുകൾ വഴി പെൺകുട്ടികളെ കെണിയിൽ അകപ്പെടുത്തപ്പെടുന്നത് പതിവായിരിക്കുന്ന സാഹചര്യത്തിൽ നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തുവാൻ സർക്കാർ തയ്യാറാകണം. ഈ വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പൊതുസമൂഹവും സംഘടനകളും മുന്നോട്ടുവരണം”. –
ലേഖനത്തിൽ പറയുന്നു
Comments