പട്‌ന: ജെഡിയു ക്ഷയിച്ചുകൊണ്ടിരിക്കുന്ന പാർട്ടിയാണെന്ന് ജനതാദൾ യുണൈറ്റഡ് നേതാവ് ഉപേന്ദ്ര കുഷ്‌വാല. പാർട്ടിയിൽ തുടരുമെന്നും ജെഡിയുവിനെ ശക്തിപ്പെടുത്താൻ വേണ്ടത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഉപേന്ദ്ര കുഷ്‌വാല പാർട്ടി വിടുകയാണെന്ന സൂചന പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരു രാഷ്‌ട്രീയ നേതാവിനെ കണ്ട് മടങ്ങിയതിന് ശേഷം പുറത്ത് കാത്തുനിന്ന മാദ്ധ്യമങ്ങൾ അദ്ദേഹത്തോട് പാർട്ടി വിടുന്നതിനെക്കുറിച്ച് ആരാഞ്ഞിരുന്നു. ചികിത്സയിൽ കിടന്നിരുന്നത് ബിജെപി നേതാവായിരുന്നതിനാൽ ജെഡിയു വിടുകയാണെന്ന അഭ്യൂഹങ്ങൾക്ക് ശക്തിയാർജിച്ചു. ഈ സാഹചര്യത്തിലായിരുന്നു അദ്ദേഹം നയം വ്യക്തമാക്കിയത്.
”ഞാൻ ജെഡിയുവിലാണ്. ജെഡിയു ഇപ്പോൾ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ ഞാൻ ജെഡിയുവിൽ തന്നെ തുടരും. പാർട്ടിയെ ശക്തിപ്പെടുത്തും. ബിജെപി നേതാവിനെ കണ്ടുവെന്നത് സത്യമാണ്. പക്ഷെ ഞാൻ ഇപ്പോൾ പാർട്ടി വിടുന്നില്ല. ” ഉപേന്ദ്ര കുഷ്‌വാല പറഞ്ഞു.
കുഷ്‌വാല ജെഡിയുവിൽ അതൃപ്തനാണെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി സ്വരച്ഛേർച്ചയിൽ അല്ലെന്നുമുള്ള സൂചനകൾ പുറത്തുവന്നിരുന്നു. തങ്ങളോട് സംസാരിക്കാൻ കുഷ്‌വാല തയ്യാറാവുന്നില്ലെന്ന് ബിഹാർ മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. ഇതാണ് ദേശീയ നേതാവായ കുഷ്‌വാല പാർട്ടി വിടുന്നുവെന്ന അഭ്യൂഹം ജനങ്ങൾക്കിടയിൽ ശക്തമാകാൻ കാരണമായത്. ജെഡിയുവിന്റെ ദേശീയ പാർലമെന്ററി ബോർഡ് അദ്ധ്യക്ഷനാണ് ഉപേന്ദ്ര കുഷ്‌വാല.















