ചെന്നൈ: തമിഴിലും സംപ്രേഷണത്തിനൊരുങ്ങി ജനം ടിവി. ജനം തമിഴ് ടിവി ഈ വർഷം ഏപ്രിൽ മാസത്തിൽ സംപ്രേഷണം ആരംഭിക്കും. ഇന്ന് ചെന്നൈയിൽ നടന്ന ചടങ്ങിൽ ജനം മൾട്ടിമീഡിയാ ലമിറ്റഡ് സിഎംഡി കൃഷ്ണകുമാറാണ് നിർണ്ണായക പ്രഖ്യാപനം നടത്തിയത്.
പക്ഷപാദമില്ലാതെ ശരിയായ വാർത്ത ജനങ്ങളിലെത്തിക്കുക എന്നതാണ് ജനം തമിഴ് ടിവിയുടെ ഉദ്ദേശ ലക്ഷ്യമെന്ന് സിഎംഡി കൃഷ്ണകുമാർ സി.യു പറഞ്ഞു. ഇന്ത്യൻ സംസ്കാരത്തിലും രാഷ്ട്ര പുരോഗതിയിലും നിർണ്ണായക പങ്കുവഹിക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടത്തിലെ നിർണ്ണായ ഏടുകൾ പിറവിയെടുത്തതും തമിഴ്നാട്ടിലാണ്. രാഷ്ട്ര പുരോഗതിക്കും ജനക്ഷേമത്തിനുമായി പ്രവർത്തിക്കുക എന്നത് ഉത്തരവാദിത്തപ്പെട്ട മാദ്ധ്യമത്തിന്റെ കടമയാണ്. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് ജനം ടിവി തമിഴിലും സംപ്രേഷണം ആരംഭിക്കുന്നതെന്ന് സി.യു കൃഷ്ണകുമാർ വ്യക്തമാക്കി.
ലോകത്താകമാനമുള്ള എട്ടുകോടി തമിഴ് ജനങ്ങൾക്കായാണ് ലോകത്തിലെ ഏറ്റവും പുരാതനമായ ഭാഷയിൽ ജനം സംപ്രേഷണം ആരംഭിക്കുന്നത്. ജനം ടിവി തമിഴ്നാടിന്റെ സംസ്കാരം, വ്യാവസായം,രഷ്ട്രീയം, സാമ്പത്തികം, യുവജന ക്ഷേമം, സ്ത്രീ ശാക്തീകരണം എന്നിവ മുൻ നിർത്തിയാകും പ്രവർത്തിക്കുന്നതെന്നും സിഎംഡി കൂട്ടിച്ചേർത്തു.
ജനം ടിവി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഗിരീഷ് സി മേനോൻ, ജനം തമിഴ് ടിവി ഡയറക്ടർമാരായ മധു.കെ, നരേന്ദ്രൻ, മുത്തുകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Comments