തിരുവനന്തപുരം: 16 കാരിയെ പീഡിപ്പിച്ചയാൾക്ക് തന്നെ വിവാഹം ചെയ്തു നൽകിയ സംഭവത്തിൽ കൂടുതൽ പേർക്കെതിരെ കേസ്. വിവാഹം ചെയ്ത യുവാവിന്റെ സഹോദരനും വിവാഹത്തിൽ പങ്കെടുത്ത സുഹൃത്തുക്കളെയുമാണ് പ്രതി ചേർത്തത്. കേസിൽ പെൺകുട്ടിയുടെ പിതാവ്, പെൺകുട്ടിയെ വിവാഹം കഴിച്ച യുവാവ് അൽ അമീർ, വിവാഹം നടത്തിക്കൊടുത്ത ഉസ്താദ് അൻവർ സാദത്ത് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
നാലു മാസം മുൻപാണ് 16 കാരിയെ മലപ്പുറത്തെത്തിച്ച് പ്രതി പീഡിപ്പിച്ചത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരും പിടിയിലാകുന്നത്. എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അൽ അമീറിനെ അറസ്റ്റ് ചെയ്തു. തുടർന്ന് ജാമ്യത്തിലിറങ്ങിയ പ്രതിയെക്കൊണ്ട് ഈ മാസം 18-ന് പെൺകുട്ടിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു.
നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചതോടെയാണ് ശൈശവ വിവാഹത്തിന് കേസെടുത്തത്. എന്നാൽ ജാമ്യത്തിലിറങ്ങിയ ശേഷം അൽഅമീർ വീട്ടിൽ നിരന്തരം ശല്ല്യം ചെയ്തിരുന്നുവെന്നും ഭയന്നിട്ടാണ് വിവാഹം ചെയ്ത് നൽകിയതെന്നുമാണ് പിതാവ് പോലീസിനോട് പറഞ്ഞു.
വിവാഹത്തിൽ പങ്കെടുത്തവരെ കുറിച്ച് അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നും കണ്ടെത്തുന്ന പക്ഷം കേസിൽ പ്രതി ചേർക്കുമെന്നും പോലീസ് വ്യക്തമാക്കി.
Comments