ലണ്ടൻ: അതിക്രൂരമായ വംശഹത്യയ്‌ക്ക് വിധേയരായ കശ്മീരി പണ്ഡിറ്റുകളെക്കുറിച്ച് ബ്രിട്ടനെ പഠിപ്പിക്കുമെന്ന് യുകെ എംപി ബോബ് ബ്ലാക്ക് മാൻ. 1990 കാലഘട്ടത്തിൽ സ്വന്തം വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്യാൻ നിർബന്ധിതരായ കശ്മീരിലെ ഹിന്ദുക്കളെക്കുറിച്ച് ബ്രിട്ടണെ ബോധവത്കരിക്കും. നരഹത്യയക്ക് വിധേയരായ കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ ബ്രിട്ടീഷ് ജനതയിലേക്ക് എത്തിക്കുന്നത് തുടരുമെന്നും ബ്ലാക്ക് മാൻ പറഞ്ഞു.
കൺസർവേറ്റീവ് പാർട്ടിയുടെ ഹാരോ ഈസ്റ്റിൽ നിന്നുള്ള പാർലമെന്റംഗമാണ് അദ്ദേഹം. കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ സംഭവിച്ച് 33 വർഷങ്ങൾ പിന്നിടുന്ന അവസരത്തിൽ അനുസ്മരണ ചടങ്ങ് നടത്തുന്നതിനിടെയാണ് ബ്ലാക്ക് മാനിന്റെ പ്രതികരണം.
ലണ്ടനിലെ പാർലമെന്റ് ഹൗസിലാണ് ചടങ്ങ് നടന്നത്. ബ്രിട്ടീഷ് ഹിന്ദുക്കളുടെ സംഘടനയായ എപിപിജിയുടെ അദ്ധ്യക്ഷൻ കൂടിയാണ് എംപിയായ ബോബ് ബ്ലാക്ക് മാൻ. പാകിസ്താന്റെ അധിനിവേശം വരുത്തിയ കെടുതികളുടെ ഫലമായിരുന്നു കശ്മീരി ഹിന്ദുക്കളുടെ വംശഹത്യയെന്നും. മൂന്ന് ദശാബ്ദങ്ങൾക്ക് മുമ്പ് കശ്മീരിലെ ബാരാമുള്ളയിൽ നിന്നും 11,000 പേർ അധിനിവേശക്കാരുടെ കൈകളാൽ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ബിബിസി ഡോക്യുമെന്ററിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചിത്രീകരിച്ചിരിക്കുന്ന വിധത്തെക്കുറിച്ചും ബ്ലാക്ക് മാൻ അപലപിച്ചു. ഒരു വ്യക്തിയെ താറടിച്ചു കാണിക്കാൻ വേണ്ടി ബോധപൂർവ്വം നടത്തിയ ശ്രമമാണ് ബിബിസിയുടെ ഡോക്യുമെന്ററിയെന്ന് ബ്രിട്ടീഷ് എംപി അഭിപ്രായപ്പെട്ടു.
Comments