35-ാം ദിനവും ഇരുന്നൂറിലധികം തീയേറ്ററുകളിൽ ഹൗസ്ഫുൾ ഷോകളുമായി മുന്നേറുകയാണ് മാളികപ്പുറം. ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയ്ക്ക് ലഭിച്ച് സൂപ്പർ ഹിറ്റ് ചിത്രമെന്ന ഖ്യാതി മാളികപ്പുറം സ്വന്തമാക്കുമ്പോൾ സന്തോഷം പങ്കുവച്ച് രംഗത്തെത്തുകയാണ് നിർമാതാക്കൾ. സിനിമയുടെ സക്സസ് ടീസറാണ് മാളികപ്പുറം ടീം ഇപ്പോൾ പ്രേക്ഷകർക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.
കാവ്യ ഫിലിം കമ്പനിയുടെയും ആൻ മെഗാ മീഡിയയുടെയും ബാനറിൽ നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രം 100 കോടി ക്ലബ്ബിൽ കയറിയതിന് പിന്നാലെയാണ് ആരാധകർക്കായി ടീസറെത്തിയത്. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണങ്ങളും സക്സസ് ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അയ്യപ്പനായി അഭിനയിച്ച ഉണ്ണി മുകുന്ദനെ നേരിട്ട് കണ്ടപ്പോൾ സിനിമ നൽകിയ ദൃശ്യാനുഭവത്തിന്റെ ആനന്ദത്തിൽ നടനെ വാരിപ്പുണരുന്ന അമ്മമാരും സക്സസ് ടീസറിലുണ്ട്.
ചിത്രം 100 കോടി ബിസിനസ് നേടിയ സന്തോഷം തീർത്തും വ്യത്യസ്തമായി ആഘോഷിക്കാനാണ് മാളികപ്പുറം ടീമിന്റെ തീരുമാനമെന്ന് ഉണ്ണി മുകുന്ദൻ നേരത്തെ അറിയിച്ചിരുന്നു. കാൻസർ ബാധിതർക്ക് ചികിത്സാ സഹായ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് സിനിമയുടെ വിജയാഘോഷം നടത്താനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി മൂന്നിന് പാളയത്ത് വച്ചാണ് ചികിത്സായ സഹായ പദ്ധതിയുടെ പ്രഖ്യാപനം നടക്കുക.
Comments