തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കേ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ ബാലാഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ ഒൻപതിന് ബജറ്റ് അവതരണം ആരംഭിക്കും. ‘കേരള ബജറ്റ്’ എന്ന മൊബൈൽ ആപ്പ് വഴി ബജറ്റ് വിവരങ്ങളും രേഖകളും ലഭ്യമാകും.
സംസ്ഥാനത്ത് ധനപ്രതിസന്ധി തുടർന്നേക്കുമെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. ഈ പ്രതിസന്ധി മറിക്കടക്കാനായി എന്തെല്ലാം നിർദ്ദേശങ്ങൾ മുന്നോട്ട് വെയ്‌ക്കുമെന്നാണ് കേരളം ഇന്ന് ഉറ്റുനോക്കുന്നത്. ഭൂമിയുടെ ന്യായവില, നികുതി നിരക്കുകൾ, വിവിധ ഇടപാടുമായി ബന്ധപ്പെട്ട ഫീസുകൾ, പ്രൊഫഷണൽ ടാക്‌സ് എന്നിവയിലൊക്കെ കൈവച്ചേക്കുമെന്നാണ് സൂചന.
ജനങ്ങൾക്ക് താങ്ങാനാകുന്ന തരത്തിലുള്ള നികുതി വർദ്ധനയാകും ഉണ്ടാകുകയെന്നാണ് ധനമന്ത്രി വ്യക്തമാക്കിയിരുന്നത്. ഈ വർഷം തിരഞ്ഞെടുപ്പ് ഇല്ലാത്തത് കടുത്ത നടപടികൾക്ക് അനുകൂലമായ സാഹചര്യമാണെന്നാണ് വിലയിരുത്തുന്നത്. വെള്ളക്കരം അടക്കം വർദ്ധിപ്പിച്ച സാഹചര്യത്തിൽ നിത്യോപയോഗ സാധങ്ങൾക്ക് വില കൂടുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. കഴിഞ്ഞ വർഷങ്ങളെ പോലെ റോഡ് നിർമ്മാണങ്ങൾക്കും കെട്ടിട നിർമ്മാണങ്ങൾക്കും കിഫ്ബി വഴി നീക്കിവെക്കുന്ന തുക കുറയ്‌ക്കാനാണ് സാധ്യത. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾക്കുള്ള ഫണ്ട് നേരത്തെ തന്നെ വെട്ടിക്കുറച്ചിരുന്നു. ഇതിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനം.
എന്നാൽ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പല പദ്ധതികളും യാഥാർത്ഥ്യമാക്കാൻ പിണറായി സർക്കാരിന് കഴിഞ്ഞിട്ടില്ല. കിഴങ്ങുവർഗങ്ങളിൽ നിന്ന് സ്പിരിറ്റ്, തോട്ടങ്ങളിലെ പയർ വർഗ കൃഷി തുടങ്ങിയവ അവയിൽ ചിലത് മാത്രം.















