മഹാരാഷ്ട്ര; മുംബൈയിൽ ഒമ്പത് ലക്ഷം രൂപയുടെ വ്യാജ നാണയങ്ങളുമായി ഒരാളെ പോലീസ് പിടികൂടി. മുംബൈയിലെ മലാഡ് പ്രദേശത്ത് വെച്ചാണ് വ്യാജ നാണയങ്ങളുമായി ജിഗ്നേഷ് ഗാല എന്ന 42 കാരൻ പോലീസിന്റെ പിടിയിലായത്.
ഡൽഹി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന മുംബൈയിലെത്തിയ ഡൽഹി പോലീസ് മുംബൈ പോലീസുമായി ചേർന്ന് ദിൻദോഷി പോലീസ് സ്റ്റേഷൻ പരിധിയിലെ പുഷ്പക് പാർക്ക് ഏരിയയിലെ വല്ലഭ് ബിൽഡിംഗ് എ-വിംഗ് സൊസൈറ്റിയിൽ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് കാറിൽ നിന്നും ഒമ്പത് ലക്ഷത്തിലധികം വ്യാജ ഇന്ത്യൻ നാണയങ്ങൾ പിടികൂടിയതെന്ന് ദിൻദോഷി പോലീസ് സ്റ്റേഷനിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ജീവൻ ഖരാത് പറഞ്ഞു.
തുടർന്ന് കോടതിയിൽ ഹാജരാക്കി പ്രതിയെ കോടതി നിർദ്ദേശം പ്രകാരം ഡൽഹി പോലീസിന് കൈമാറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയുടെ കാറിൽ നിന്ന് 1, 5, 10 രൂപ മൂല്യമുള്ള ചെമ്പ്, പിച്ചള എന്നിവയുടെ 9 ലക്ഷത്തി 46 ആയിരം രൂപയുടെ വ്യാജ നാണയങ്ങളാണ് പിടിച്ചെടുത്തത്. ഹരിയാനയിലാണ് വ്യാജ നാണയ നിർമാണ ഫാക്ടറി നടത്തുന്നതെന്ന് പോലീസ് ചോദ്യം ചെയ്യലിൽ ജിഗ്നേഷ് ഗാല വെളിപ്പെടുത്തി. ഇതോടെ ഡൽഹിയിലെ സ്പെഷ്യൽ സെൽ വ്യാജ നാണയ നിർമാണ ഫാക്ടറിയിൽ റെയ്ഡ് നടത്തി അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
ദേവാലയങ്ങളിൽ പണത്തിന് പകരമായി വ്യാജ നാണയ നിർമ്മാണ മാഫിയ മുംബൈയിൽ വൻതോതിൽ വ്യാജ നാണയങ്ങൾ വിതരണം ചെയ്യാറുണ്ടായിരുന്നു. ഇത് വളരെക്കാലമായി തുടരുന്നതായി പ്രതി പോലീസിനോട് വെളിപ്പെടുത്തി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 232, 234, 235, 243, 120 (ബി) വകുപ്പുകൾ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കേസെടുത്തത്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ദിൻദോഷി പോലീസ് സ്റ്റേഷനിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ജീവൻ ഖരാത് അറിയിച്ചു.
Comments