റാഞ്ചി: ഝാർഖണ്ഡിൽ 450 കോടി രൂപയുടെ ഇഫ്കോ നാനോ യൂറിയ പ്ലാന്റിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തറക്കല്ലിട്ടു. ഈ പ്ലാന്റ് കർഷകർക്ക് ഗുണം ചെയ്യുമെന്നും അഞ്ച് രാജ്യങ്ങളിലേക്ക് ഇത് കയറ്റുമതിചെയ്യുമെന്നും ചടങ്ങിൽ അമിത് ഷാ പറഞ്ഞു.
വിളകളുടെ വളർച്ചയും ഉൽപാദനവും ഉയർത്താൻ ദ്രാവക രൂപത്തിലുള്ള നാനോ യൂറിയ സഹായിക്കും. കൂടാതെ, മണ്ണിന്റെ ആരോഗ്യം, ഉൽപ്പന്നങ്ങളുടെ പോഷകഗുണം എന്നിവ മെച്ചപ്പെടുത്താൻ ഇത് ഗുണം ചെയ്യുമെന്നും ആഭ്യന്തര മന്ത്രി അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ അഞ്ചാമത്തെ നാനോ യൂറിയ പ്ലാന്റാണിത്. കഴിഞ്ഞ വർഷം ഗുജറാത്തിൽ ലോകത്തിലെ ആദ്യത്തെ നാനോ യൂറിയ പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു.
ഇന്ന് രാവിലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി വിവധ പരിപാടികളിൽ പങ്കെടുക്കാൻ ഝാർഖണ്ഡിലെത്തിയത്. രാവിലെ റാഞ്ചിയിലെത്തിയ അമിത് ഷാ ഭാര്യയോടൊപ്പം ദിയോഘറിലെ ബാബ ബൈദ്യനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് സംസ്ഥാനത്തെ സന്ദർശങ്ങൾക്ക് തുടക്കം കുറിച്ചത്.
Comments