ഒട്ടാവ: ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങി കനേഡിയൻ വിദേശകാര്യ മന്ത്രി ജോളി. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ഈ മാസം ആറിന് ജോളി ഇന്ത്യയിലെത്തുക. ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്താനും വേണ്ടിയാണ് സന്ദർശനമെന്ന് ജോളി ട്വിറ്ററിൽ കുറിച്ചു.
‘ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക യാത്രയ്‌ക്കായി പുറപ്പെടുമ്പോൾ, നമ്മുടെ ഇന്തോ- പസഫിക് നയത്തിലൂന്നി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’ എന്നാണ് ജോളി ട്വീറ്റ് ചെയ്തത്.
തിങ്കളാഴ്ച ഡൽഹിയിൽ എത്തുന്ന ജോളി വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും. കാനഡയുടെ ഇൻഡോ-പസഫിക് നയത്തെ ആധാരമാക്കി ഇന്ത്യയുമായുള്ള സഹകരണം മുന്നോട്ട് കൊണ്ടു പോകുന്നതിലേക്കായുള്ള ചർച്ചകൾ കൂടിക്കാഴ്ചയിൽ നടക്കും. വിവിധ മേഖലകളിലെ ഇരുരാജ്യങ്ങളുടെയും സംയുക്തമായ സഹകരണം വർദ്ധിപ്പിക്കുന്നതിനായുള്ള നിർദ്ദേശങ്ങളും ചർച്ചയിൽ ഉരുത്തിരിഞ്ഞുവരും. ഈ വർഷം ജി 20 യുടെ അധ്യക്ഷസ്ഥാനം ഇന്ത്യ വഹിക്കുന്ന പശ്ചാത്തലത്തിലാണ് ജോളിയുടെ ഇന്ത്യൻ സന്ദർശനം എന്നത് ശ്രദ്ധേയമാണ്.
ആഗോള, പ്രാദേശിക വിഷയങ്ങളെക്കുറിച്ചും മന്ത്രിമാർ സംസാരിക്കും. കാനഡയിൽ ഇന്ത്യൻ വംശജർക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ ജയശങ്കർ നേരിട്ട് ആശങ്ക അറിയിക്കുമെന്നാണ് ലഭിക്കുന്ന സൂചന.















