ന്യൂഡൽഹി: ഉത്തർപ്രദേശിന്റെ തലസ്ഥാന നഗരമായ ലക്നൗവിന്റെ പേര് പുനർനാമകരണം വേണമെന്ന് ആവശ്യവുമായി എംപി സംഗം ലാൽ ഗുപ്ത. ‘ലഖൻപൂർ അല്ലെങ്കിൽ ലക്ഷ്മൺപൂർ’ എന്ന പേര് നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് യുപി എംപി കത്തയച്ചു.
ത്രേതായുഗത്തിൽ ലക്ഷ്മണ ഭഗവാന് ശ്രീരാമൻ സമ്മാനിച്ചതാണ് ലക്നൗ എന്നൊരു ഐതിഹ്യമുണ്ട്. മാത്രവുമല്ല ആദ്യകാലത്ത് ലഖൻപൂർ എന്നും ലക്ഷ്മൺപൂർ എന്നും ലക്നൗ അറിയപ്പെട്ടിരുന്നുവെന്നും ഗുപ്ത പറഞ്ഞു.എന്നാൽ നവാബ് അസഫ്-ഉദ്-ദൗലയാണ് ലക്നൗ എന്ന് പുനർനാമകരണം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കാൻ ഉത്തർപ്രദേശ് തലസ്ഥാന നഗരത്തിന്റെ പേര് മാറ്റണമെന്നാണ് കേന്ദ്രമന്ത്രിയോട് ലാൽ ഗുപ്ത ആവശ്യപ്പെട്ടത്.
സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിനും ചരിത്രത്തെ സംയോജിപ്പിക്കുന്നതിനും ലക്നൗവിന്റെ പേര് ലഖൻപൂർ എന്നോ അമൃത്കാലിലെ ലക്ഷ്മൺപൂർ എന്നോ മാറ്റണമെന്ന് ആവശ്യപ്പെട്ട ട്വീറ്റും എംപി ഗുപ്ത പങ്കുവച്ചിരുന്നു.
Comments