താലി എന്നത് ഒരു വാക്കാണ് , എന്നും ഒപ്പമുണ്ടാകുമെന്ന വാക്ക് . അതുകൊണ്ടാണ് വിവാഹമോചനം തേടി മൂന്ന് വർഷം കഴിഞ്ഞിട്ടും ഭാര്യയ്ക്ക് അസുഖമാണെന്നറിഞ്ഞപ്പോൾ ഈ ഭർത്താവ് ചേർത്ത് നിർത്തിയതും ,വീണ്ടും വിവാഹം കഴിച്ചതും . സോഷ്യൽ മീഡിയയിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തെ സ്പർശിച്ച സിനിമക്കഥയെ പോലും വെല്ലുന്ന ജീവിതമാണിത് .
ഷാങ്ഹായ് സ്വദേശിയായ യുവാവ് മൂന്ന് വർഷം മുൻപാണ് ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയത് . എന്നാൽ അതിനു ശേഷമാണ് ഭാര്യയ്ക്ക് അപ്ലാസ്റ്റിക് അനീമിയ എന്ന രോഗം കണ്ടെത്തുന്നത് .
സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം യുവതിയെ പല തവണയായി ശാരീരികാവശതകളെ തുടർന്ന് പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. മുൻ ഭാര്യയുടെ അസുഖം അടുത്തിടെയാണ് യുവാവ് അറിഞ്ഞത് . ഇതോടെ ഭാര്യയെ കാണാൻ ആശുപത്രിയിലെത്തിയ യുവാവ് വീണ്ടും അവളെ ചേർത്ത് നിർത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചു .തുടർന്ന് യുവതി ഐസിയുവിൽ അഡ്മിറ്റാകും മുൻപ് ഇരുവരും രണ്ടാം തവണ വിവാഹ രജിസ്ട്രേഷന് അപേക്ഷിച്ചു .
തന്റെ ‘സ്നേഹവും പ്രതിബദ്ധതയും’ അവളെ രക്ഷിക്കുമെന്ന് യുവാവ് വിശ്വസിക്കുന്നു . ഇതിന്റെ വീഡിയോ പ്രാദേശിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായിരിക്കുകയാണ്. ‘മറ്റ് ദമ്പതികൾ അവരുടെ കല്യാണം പൂക്കളും വീഞ്ഞും കൊണ്ട് ആഘോഷിക്കുന്നു, പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം ജീവൻ രക്ഷിക്കാൻ ആശുപത്രിയിൽ പോകുകയാണ് .’ ദേഷ്യം കാരണം ഇരുവരും വിവാഹമോചിതരായെന്നും എന്നാൽ ഇപ്പോഴും ദമ്പതികളായി ഒരുമിച്ചു ജീവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിവാഹ സർട്ടിഫിക്കറ്റ് വാങ്ങി ഇരുവരും നേരെ പോയതും ആശുപത്രിയിലേക്കാണ് . ഭാര്യ ഇപ്പോഴും ചികിത്സയിലാണെന്നും അവളുടെ ആരോഗ്യനില തൃപ്തികരമാണെന്നും യുവാവ് പറഞ്ഞു.
Comments