ട്രാൻസ് ദമ്പതികളായ സഹദിനും സിയയ്ക്കും ഇത് സ്വപ്നം പൂവണിഞ്ഞ ദിനം. ട്രാൻസ്മെൻ സഹദ് കുഞ്ഞിന് ജന്മം നൽകി. കോഴിക്കോട് മെഡിക്കൽ കോളേജിൽ സിസേറിയനിലൂടെയാണ് കുഞ്ഞ് പിറന്നത്. സഹദും കുഞ്ഞും സുഖമായിരിക്കുന്നതായി ഇരുവരുടെയും സുഹൃത്ത് അറിയിച്ചു.
ട്രാൻസ് ദമ്പതികൾക്ക് കുഞ്ഞ് പിറന്നതോടെ ചരിത്രമാണ് പിറന്നത്. രാജ്യത്ത് ആദ്യമായാണ് ട്രാൻസ് ജെൻഡർ ദമ്പതികളിലെ പുരുഷ പങ്കാളിക്ക് കുഞ്ഞ് ജനിക്കുന്നത്. തങ്ങളുടെ കുഞ്ഞിന് സഹദ് ജന്മം നൽകുമെന്ന് സാമൂഹ മാദ്ധ്യമങ്ങളിലൂടെ സിയ അറിയിച്ചതോടെ ഇരുവരും ദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇൻസ്റ്റഗ്രാമിൽ മെറ്റേണിറ്റി ഫോട്ടോഷൂട്ടും സിയ പങ്കുവെച്ചിരുന്നു. തന്റെയുള്ളിലെ മാതൃത്വമെന്ന സ്വപ്നങ്ങൾക്ക് പങ്കാളിയായ സഹദ് ഫാസിലിലൂടെ പൂർണത നൽകാൻ ഒരുങ്ങുന്നുവെന്നായിരുന്നു സിയ ലോകത്തെ അറിയിച്ചത്.
‘ അമ്മ എന്ന എന്നിലെ സ്വപ്നം പോലെ അച്ഛൻ എന്ന അവന്റെ സ്വപ്നവും നമ്മുടെ സ്വന്തം എന്ന ഒരു ആഗ്രഹവും സഫലമാകുന്നു’ എന്ന് അടിക്കുറിപ്പോടെയാണ് സിയ ചിത്രം പങ്കുവെച്ചത്.
Comments