എണ്ണ ഇല്ലാതെ എന്ത് ജീവിതമല്ലേ? എന്തിനും ഏതിനും എണ്ണ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പല എണ്ണകളും ആരോഗ്യത്തിന് ഹാനികരമാണെന്ന് തിരിച്ചറിഞ്ഞാലും വീണ്ടും ഉപയോഗിക്കാറാണ് പതിവ്. ഭക്ഷണം പാകം ചെയ്യാൻ വിവിധ തരം എണ്ണകൾ നാം ഉപയോഗിക്കാറുണ്ട്. വെളിച്ചെണ്ണ, സൂര്യകാന്തി എണ്ണ, ഒലിവ് ഓയിൽ, റൈസ് ബ്രാൻ ഓയിൽ അങ്ങനെ നിരവധി എണ്ണകൾ. മലയാളികൾക്ക് പ്രിയം വെളിച്ചെണ്ണയോട് ആണെങ്കിലും ജീവിത ശൈലി രോഗങ്ങൾ പിടിമുറുക്കാൻ തുടങ്ങിയപ്പോൾ മലയാളികൾ മറ്റ് തരം എണ്ണകളും ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. അത്തരത്തിൽ പാചക ആവശ്യങ്ങൾക്കായി അടുക്കളയിൽ സ്ഥാനം പിടിച്ചിരിക്കുന്ന എണ്ണയാണ് കടുകെണ്ണ.
നമ്മുടെ മെറ്റബോളിസം വേഗത്തിലാക്കാനുള്ള കഴിവുണ്ട് കടുകെണ്ണയ്ക്ക്. പ്രധാനമായും നിയാസിൻ, റൈബോഫ്ലേവിൻ തുടങ്ങിയ ബി-കോപ്ലക്സ് വിറ്റാമിനുകളുടെ സാന്നിധ്യം ആഹാരം വേഗത്തിൽ ദഹിപ്പിക്കാൻ സഹായിക്കും. ഒമേഗ-3 ഒമേഗ-6 ഫാറ്റി ആസിഡുകളുടെയും ആരോഗ്യ കൊഴുപ്പുകളുടെയും ഉറവിടമാണിത്.ഹൃദയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്ന ഒന്നാണ് കടുകെണ്ണ.
ഗ്ലൂക്കോസിനോലേറ്റിന്റെ സാന്നിധ്യം കാരണം കടുകെണ്ണയ്ക്ക് കാൻസർ വിരുദ്ധ ഗുണങ്ങളുമുണ്ട്. വൻകുടൽ, ദഹനനാളം തുടങ്ങിയ ക്യാൻസറുകളുടെ സാദ്ധ്യത കുറയ്ക്കാനും ഇത് സഹായിക്കും. മോണരോഗങ്ങളെ ഇല്ലാതാക്കാനും കടുകെണ്ണയ്ക്കാകും. തലവേദന, വയറുവേദന, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവർക്കും കടുകെണ്ണയെ കൂട്ടുപിടിക്കാവുന്നതാണ്. കടുകെണ്ണ പതിവായി മുടിയിൽ പുരട്ടുന്നത് തലയിലെ ബാക്ടീരിയകളുടെയും മറ്റ് അണുക്കളുടെയും വളർച്ചയെ മന്ദഗതിയിലാക്കുമെന്ന് ഹെൽത്ത് ലൈൻ അവകാശപ്പെടുന്നു. ഇത് മുടിയിലെ താരൻ പ്രശ്നം കുറയ്ക്കുകയും മുടിയുടെ കരുത്ത് നിലനിർത്തുകയും ചെയ്യും.
അധികമായാൽ അമൃതം വിഷമെന്ന് പറയുന്നത് പോലെ കടുകെണ്ണയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതാണ്. കടുകെണ്ണയിൽ കൂടുതൽ നേരം വറുത്ത ഭക്ഷണം കഴിയ്ക്കുന്നത് പരമാവധി ഒഴിവാക്കുക. നിങ്ങൾ പച്ചക്കറികൾ പാചകം ചെയ്യുമ്പോൾ, കടുകെണ്ണ കുറഞ്ഞ അളവിൽ ഉപയോഗിക്കുക. കടുകെണ്ണയുടെ ശക്തമായ മണവും ഒട്ടിപ്പിടിക്കുന്ന സ്വഭാവവും കാരണം മിക്ക ആളുകളും കടുകെണ്ണ ഒഴിവാക്കിയേക്കാം. എന്നാൽ ഒരിക്കൽ ശരിയായി ചൂടാക്കിയാൽ, കടുകെണ്ണയും മറ്റേതൊരു എണ്ണയും പോലെ തന്നെയാണ്.ആദ്യം കടുകെണ്ണ ശരിയായി ചൂടാക്കിയെന്ന് ഉറപ്പുവരുത്തുത്തണം. ഇത്തരത്തിൽ ചൂടാക്കുന്നത് വഴി പരമാവധി പ്രയോജനം ലഭിക്കുകയും ചെയ്യുന്നു.
Comments