കന്യാകുമാരി: ഭാരതത്തിന്റെ ആത്മാവിനെ ജനജീവിതത്തിന്റെ എല്ലാ മേഖലയിലും ആവിഷ്ക്കരിക്കുന്നതിൽ മാദ്ധ്യമങ്ങൾക്ക് പ്രധാന പങ്കാണ് വഹിക്കാനുള്ളതെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ. സ്വാതന്ത്ര്യസമര കാലത്ത് രാജ്യത്തിന്റെ സ്വത്വം ആവിഷ്ക്കരിക്കുന്നതിൽ വിജയിച്ചിരുന്നു. മാദ്ധ്യമങ്ങളുടെ ഇടപെടൽ മൂലം സ്വാഭിമാനം സജീവമാകുന്നത് കണ്ടപ്പോഴാണ് ബ്രിട്ടീഷുകാർ മാദ്ധ്യമനിയന്ത്രണ നിയമം കൊണ്ട് വന്നതെന്നും ജെ. നന്ദകുമാർ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനുമായി ചേർന്ന് വിശ്വ സംവാദകേന്ദ്രം കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിൽ സംഘടിപ്പിച്ച ജേണലിസം ശില്പശാലയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പത്രങ്ങൾ മാത്രമല്ല നൃത്തവും നാടകവും സിനിമയും ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങളെല്ലാം രാഷ്ട്രത്തിന്റെ സ്വാഭിമാനത്തെ ഉണർത്തി. ആ ഉണർവിനെ തകർക്കാൻ ആവിഷ്ക്കാരം നിരോധിക്കാനാണ് ബ്രിട്ടീഷുകാർ ശ്രമിച്ചത്. ആർട് പെർഫോമിങ് ആക്ട് അതിന്റെ ഭാഗമായിരുന്നു. മോഹിനിയാട്ടവും മണിപ്പൂരി നൃത്തവുമൊക്കെ അക്കാലത്ത് നിരോധിച്ചു. മാദ്ധ്യമങ്ങൾ സ്വാതന്ത്ര്യ സമരത്തിന് പ്രേരണ നൽകുന്നത് രാജ്യദ്രോഹമായി ബ്രിട്ടീഷുകാർ കരുതി. ഭാരതത്തിന്റെ സ്വാതന്ത്ര്യം അഹിംസ എന്ന ഏക മുഖമായിരുന്നില്ല. സമഗ്രമായ പോരാട്ടത്തിന്റെ ചരിത്രമാണത്. അത് പുരുഷന്മാർ മാത്രം നടത്തിയതല്ല, സമൂഹത്തിലെ മേൽത്തട്ടുകാർ മാത്രം നടത്തിയതല്ല. പഴശ്ശി രാജാവ് വീണിട്ടും കുറിച്യ പോരാളികൾ പോരാടി. പക്ഷേ ഇത്തരം ചരിത്രങ്ങൾ നമ്മൾ പഠിക്കുന്നില്ല. വിദേശികൾ വന്നതിനു ശേഷമാണ് ഭാരതത്തിന് ചരിത്രം ഉണ്ടായത് എന്ന തെറ്റായ ധാരണ ബോധപൂർവം സൃഷ്ടിച്ചതാണ്. അത്തരം വാദങ്ങളെ ഹിന്ദ് സ്വരാജിൽ ശങ്കരാചാര്യരെ ഉദ്ധരിച്ച് മഹാത്മാ ഗാന്ധി തിരുത്തിയിട്ടുണ്ട്. തിരുത്തലുകളുടെ എഴുത്തുകൾ ഉണ്ടാകണം.’ മാധ്യമ പ്രവർത്തകർക്ക് ചരിത്രത്തിന്റെ ഈ വീണ്ടെടുപ്പിൽ മഹത്തായ ഉത്തരവാദിത്തം ഉണ്ട്’- ജെ. നന്ദകുമാർ പറഞ്ഞു.
ചരിത്രത്തിലെ വ്യാജ നിർമ്മിതികൾ എന്ന വിഷയത്തിൽ തപസ്യ സംസ്ഥാന അദ്ധ്യക്ഷൻ പ്രൊഫ. പി ജി ഹരിദാസ് ക്ലാസെടുത്തു. സമാപന പരിപാടിയിൽ വിവേകാനന്ദ കേന്ദ്രം ഐടി വിഭാഗം ദേശീയ കോ ഓർഡിനേറ്റർ ഹാർദിക് മെഹ്ത സംസാരിച്ചു. വിശ്വ സംവാദകേന്ദ്രം അദ്ധ്യക്ഷൻ എം.രാജശേഖരപ്പണിക്കർ ശില്പശാലയ്ക്ക് അദ്ധ്യക്ഷത വഹിച്ചു. പിഐബി അഡീഷണൽ ഡയറക്ടർ ജനറൽ വി.പളനിച്ചാമി, മാഗ് കോം ഡയറക്ടർ ഡോ. എ.കെ. അനുരാജ്, വി എസ് കെ. സെക്രട്ടറി എം.സതീശൻ എന്നിവർ സംസാരിച്ചു. ശനിയാഴ്ച ആരംഭിച്ച മാദ്ധ്യമ പ്രവർത്തക ശില്പശാല ഭോപ്പാൽ മഖൻലാൽ ചതുർവേദി നാഷണൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. കെ.ജി.സുരേഷ് ഉദ്ഘാടനം ചെയ്തു. ശില്പശാലയുടെ ഒന്നാം ദിനം വിശ്വ സംവാദകേന്ദ്രം അദ്ധ്യക്ഷൻ എം.രാജശേഖരപ്പണിക്കർ അദ്ധ്യക്ഷത വഹിച്ചു.
Comments