ബെംഗളുരു: അഴിമതിക്കാരായ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യരുതെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ബിജെപി അഴിമതി വിരുദ്ധ ഭരണമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന കർണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി ബെംഗളൂരുവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതികൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നിരവധി കർശനമായ നിയമങ്ങൾ കേന്ദ്രസർക്കാർ കൊണ്ടുവന്നിട്ടുണ്ട്. ഇത്തരം കേസുകളിൽ അഴിമതിക്കാരുടെ സ്വത്ത് കണ്ടുകെട്ടാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ക്ഷേമപദ്ധതികളിൽ നേരിട്ട് ആനുകൂല്യങ്ങൾ കൈമാറാൻ ഇപ്പോൾ സാധിക്കുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ ഈ നടപടിയിലൂടെ അഴിമതി ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുടെ പ്രത്യയശാസ്ത്രമാണ് ഇന്ത്യയ്ക്ക് ഏറ്റവും അനുയോജ്യമെന്നും രാജ്യത്തിന്റെ വൈവിദ്ധ്യമാർന്ന സംസ്കാരം ദേശീയത എന്ന ഒറ്റ വികാരത്തിൽ ഏകീകരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്കിടയിൽ തുല്യത ഉറപ്പാക്കാൻ സ്കൂളുകളിൽ ഡ്രസ് കോഡ് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സബ് കാ സാത്ത് എന്ന മുദ്രാവാക്യം ഉപയോഗിച്ച് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാൻ ബിജെപി പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.
Comments