യജ്ഞങ്ങൾ മനുഷ്യന് ദൈവിക ഭാവം നൽകുമെന്നാണ് വിശ്വസിക്കുന്നത്. ദേവിയും ഭക്തയും ഒന്നായി തീരുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇനി ദിവസങ്ങൾ മാത്രം. ആദി പരാശക്തിയുടെ മന്ത്രങ്ങളാൽ മുഖരിതമാകുകയാണ് അനന്തപുരി. കുംഭമാസത്തിലെ കാർത്തിക നാളിലാണ് ഉത്സവം ആരംഭിക്കുന്നത്. ആറ്റുകാൽ ദേവി ക്ഷേത്രത്തിന്റെ ഐതീഹ്യം മധുരനഗരമായും കണ്ണകിയുമായും ബന്ധപ്പെട്ടിരിക്കുന്നു.
തമിഴ് ഇതിഹാസകാവ്യമായ ചിലപ്പതികാരത്തിലെ വീരനായികയാണ് കണ്ണകി. നിരപരാധിയായ തന്റെ ഭർത്താവിനെ വധിച്ച പാണ്ഡ്യ രാജാവിനെ പ്രതികാരമൂർത്തിയായ കണ്ണകി ശപിക്കുകയും മധുര നഗരം ചുട്ടെരിക്കുകയും ചെയ്തു എന്നതാണ് കാവ്യത്തിലെ ഇതിവൃത്തം.
കാവേരിപട്ടണത്തിലെ ധനികന്റെ മകളായിരുന്ന കണ്ണകി. അതി സുന്ദരിയായ കണ്ണകിയെ കോവലൻ എന്ന യുവാവിനാണ് പിതാവ് വിവാഹം ചെയ്ത് നൽകിയത്. വിവാഹത്തൊടെ ധാരാളം സമ്പത്ത് കൈവന്ന കോവിലൻ കണ്ണകിയെ മറന്ന് മാധവി എന്ന സ്ത്രീയുമായി ബന്ധം സ്ഥാപിച്ചു. അധികം വൈകാതെ ദരിദ്രനായിമാറിയ കോവലനെ മാധവി പുറത്താക്കി. പശ്ചാത്താപ വിവശനായ കോവലൻ കണ്ണകിയുടെ അടുത്തേക്ക് തന്നെ തിരിച്ച് ചെന്നു. പതിവ്രതയായിരുന്ന കണ്ണകി അയാളുടെ തെറ്റ് പൊറുത്ത് പുതിയൊരു ജീവിതം ആരംഭിച്ചു. എന്നാൽ അപ്പോഴേക്കും ദരിദ്രയായി മാറിയിരുന്നു കണ്ണകി.
ഒരു ദിവസം കണ്ണകിയും കോവലനും ഏക സമ്പാദ്യമായിരുന്ന പവിഴച്ചിലമ്പ് വിൽക്കുവാൻ മധുരയിലേക്ക് പുറപ്പെട്ടു . പാണ്ഡ്യരാഞ്ജിയുടെ മുത്ത് നിറച്ച ചിലമ്പ് മോഷണം പോയി സമയമായിരുന്നു അത്. രാജ്ഞിക്ക് ചിലമ്പ് പണിത് നൽകിയ തട്ടാൻ തന്നെയായിരുന്നു പ്രസ്തുത ആഭരണം മോഷ്ടിച്ചത്. നിർഭാഗ്യവശാൽ കോവലനും കണ്ണകിയും ചിലമ്പ് വിൽക്കാനായി എത്തിപ്പെട്ടത് അതെ തട്ടാന്റെ അടുത്തായിരുന്നു. കുബുദ്ധിക്കാരനായ അയാൾ രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചത്. കോവലനാണെന്ന് പാണ്ഡ്യരാജാവിനെ അറിയിച്ചു.
രാജാവിന്റെ ഭടൻമാർ കോവലനെ ബന്ദിയാക്കി രാജസദസ്സിൽ എത്തിച്ചു. എന്നാൽ സത്യം തെളിയിക്കാൻ കോവലൻ പരാജയപ്പെടുകയും, രാജാവ് അയാളെ വധിക്കുകയും ചെയ്തു . ദുഖിതയായി കൊട്ടാരത്തിൽ എത്തിയ കണ്ണകി, തന്റെ ചിലമ്പ് നിലത്തെറിഞ്ഞു പൊട്ടിച്ചു. ചിലമ്പിൽ നിന്ന് പവിഴങ്ങൾ വരുന്നതാണ് രാജാവും രാജ്ഞിയും കണ്ടത്. ദുഖത്താലും കോപത്തിലും വിവശയായ കണ്ണകി തന്റെ സ്തനങ്ങൾ പറിച്ചെറിയുകയും, അത് ചെന്ന് വീഴുന്ന സ്ഥലം കത്തി ചാമ്പലാവും എന്ന് ശപിക്കുകയും ചെയ്തു . അതോടെ അവിടെ നിന്ന് കണ്ണകിയെ കാണാതായി. അപ്പോഴേക്കും മധുരാനഗരം ചാമ്പലായിരുന്നു.
ഇതേ കണ്ണകിയാണ് സർവ്വ ഐശ്വര്യദായിനിയായ ആറ്റുകാലമ്മയായി അവതരിച്ചത്. കണ്ണകി എങ്ങനെ ആറ്റുകാൽ അമ്മയായി മാറിയെന്ന് അറിയണമെങ്കിൽ മറ്റൊരു ഐതിഹ്യം കൂടി അറിയണം. കിള്ളിയാറിൽ തീരത്ത് മൂല്ലൂർ എന്ന പ്രസിദ്ധമായ തറവാടുണ്ടായിരുന്നു. ദേവി ഭക്തനായ കാരണവർ കിള്ളിയാറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കണ്ടുമുട്ടിയ ബാലികയാണ് ആറ്റുകാലമ്മയായി പ്രതിഷ്ഠിതയായത്. കിള്ളിയാറിന്റെ ഇക്കരയിലെത്തിക്കാൻ ത്വേജോരൂപിണിയായ ബാലിക കാരണവരോട് അഭ്യാർത്ഥിച്ചു. അപ്രകാരം പുഴകടത്തി സ്വഭവനത്തിലെത്തിച്ച ബാലിക പക്ഷെ പെട്ടെന്ന് അപ്രത്യക്ഷയായിരുന്നു. ഈ ബാലിക കൊടുങ്ങല്ലൂരമ്മയാണെന്നും ഐതീഹ്യമുണ്ട്.
അന്ന് രാത്രി കാരണവരുടെ സ്വപ്നത്തിൽ ബാലിക പ്രത്യക്ഷപ്പെട്ടു. താൻ ആദിപരാശക്തിയാണെന്നും അടുത്തുള്ള കാവിൽ മൂന്ന് വരകളുള്ള സ്ഥലത്തു തന്നെ കുടിയിരുത്തണം എന്ന് അരുൾ ചെയ്തു. കാർണവർ കാവിൽ എത്തിയപ്പോൾ സ്വപ്‌നദർശനം പോലെ ശൂലം കൊണ്ട് വരച്ച മൂന്ന് വരകൾ യാഥാർത്ഥ്യമായി. ദേവി സാന്നിദ്ധ്യം അനുഭവപ്പെട്ട ആ മുന്നു വരകളിൽ നിർമ്മിച്ച മുടിപ്പുര( തെക്കത്) ഇന്ന് കാണുന്ന ആറ്റുകാൽ എന്ന മഹാക്ഷേത്രമായി ഉയർന്നത്. മുൻപ് ദ്രാവിഡക്ഷേത്രങ്ങളെ കല്ല് എന്ന് വിളിച്ചിരുന്നു. ആറ്റിൽ, അല്ലെങ്കിൽ അതിന്റെ സംഗമസ്ഥലത്ത് സ്ഥാപിക്കപ്പെട്ട ക്ഷേത്രത്തിനു ആറ്റുകല്ല് എന്ന് വിളിച്ചുപോന്നു. ഇതാണ് ആറ്റുകാൽ എന്ന് പരിണമിച്ചത്.
Comments