ഭോപ്പാൽ : ‘മുഖ്യമന്ത്രി ലാഡ്ലി ബെഹ്ന യോജന’യ്ക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. എല്ലാ തലത്തിലും സ്ത്രീകളെ ശാക്തീകരിക്കുന്ന പദ്ധതിയായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി പ്രകാരം 23 വയസ്സിന് മുകളിലുള്ള യുവതികൾക്ക് പ്രതിമാസം 1000 രൂപ അവരുടെ അക്കൗണ്ടുകളിൽ ലഭിക്കും. 2.5 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ സ്ത്രീകളാണ് യോജനയ്ക്ക് അർഹരായവർ. കൂടാതെ അഞ്ച് ഏക്കറിൽ താഴെ കൃഷിഭൂമിയുള്ള കുടുംബങ്ങൾക്കും പദ്ധതിയിൽ അപേക്ഷിക്കാവുന്നതാണ്.
60 വയസ്സിന് മുകളിൽ പ്രായമായ സ്ത്രീകൾക്ക് പ്രതിമാസം 600 രൂപ വാർദ്ധക്യ പെൻഷൻ ലഭിക്കുന്നുണ്ട്. ഇതിന് പുറമേയാണ് 1,000 രൂപ കൂടി ലഭിക്കുക. മാർച്ച് അഞ്ച് മുതൽ പദ്ധതി ആരംഭിക്കുമെങ്കിലും 15 മുതലാണ് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുക. അപേക്ഷകൾ നൽകുന്നതിനായി പുറത്ത് പോകേണ്ടതില്ല. ഇതിനായി രൂപികരിച്ചിട്ടുള്ള പ്രത്യേക സംഘം വീട് സന്ദർശിച്ച് അപേക്ഷകൾ പൂരിപ്പിക്കും. ഏപ്രിൽ അവസാനത്തോടുകൂടി ഇത് പൂർത്തീകരിക്കുമെന്നും മെയ് മാസത്തിൽ സൂക്ഷ്മ പരിശോധന നടത്തുമെന്നുമാണ് പ്രാഥമിക തീരുമാനം.
ഭോപ്പാലിലെ മുഖ്യമന്ത്രിയുടെ വസതിയിൽ മന്ത്രിസഭാംഗങ്ങളുമായി വെർച്വൽ മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു. ചൗഹാനാണ് യോഗത്തിന്റെ അദ്ധ്യക്ഷത വഹിച്ചത്. സ്ത്രീ ശാക്തീകരണം നടപ്പിലാക്കുകയാണെങ്കിൽ അതുവഴി സമൂഹവും ഭരണകൂടവും സംസ്ഥാനവും രാജ്യവും പടിപടിയായി ശക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. ജനസംഖ്യയുടെ പകുത് ചേരാതെ രാജ്യം ശക്തമാകില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments