ന്യൂഡൽഹി: പേരിനൊരു പാർട്ടി അദ്ധ്യക്ഷൻ മാത്രമാണ് മല്ലികാർജ്ജുൻ ഖാർഗെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിനെ നയിക്കാനെന്ന പേരിൽ ചുമതലയേറ്റിരിക്കുന്ന ഖാർഗെയുടെ റിമോട്ട് കൺട്രോൾ മറ്റാരുടെയോ കൈയ്യിലാണെന്നും നരേന്ദ്രമോദി വിമർശിച്ചു. കർണാടകയിലെ ബെലഗാവിയിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അടുത്തിടെ ഛത്തീസ്ഗഡിൽ നടന്ന ചടങ്ങിൽ വേദിയിൽ നിൽക്കുന്ന ഖാർഗെയുടെയും സോണിയ ഗാന്ധിയുടെയും ഫോട്ടോ വൈറലായതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ പരാമർശം. സോണിയ ഗാന്ധിക്ക് മാത്രം വെയിലേൽക്കാതിരിക്കാൻ അംഗരക്ഷകർ കുട പിടിച്ച് നൽകിയതാണ് സംഭവം ചർച്ചയാവാൻ കാരണം.
കർണാടകയെ എങ്ങനെയാണ് കോൺഗ്രസ് വെറുത്തിരുന്നതെന്ന് ഓർമ്മപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആരെല്ലാം കോൺഗ്രസിനെ പ്രയാസപ്പെടുത്തിയിട്ടുണ്ടോ അവരെല്ലാം പിന്നീട് അധിക്ഷേപിക്കപ്പെടാൻ വിധേയരായിട്ടുണ്ട്. എസ്. നിജലിംഗപ്പയെയും വീരേന്ദ്ര പാട്ടീലിനെയും എപ്രകാരമാണ് കോൺഗ്രസ് അപകീർത്തിപ്പെടുത്തയത് എന്നുള്ളതിന് ചരിത്രം സാക്ഷിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മല്ലികാർജ്ജുൻ ഖാർഗെയെ ബഹുമാനിക്കുന്നു. പക്ഷെ, മുതിർന്ന നേതാവായ അദ്ദേഹത്തെ പോലൊരാളെ കോൺഗ്രസ് സെഷന് ഇടയ്ക്ക് വെയിലത്ത് നിർത്തിയത് കണ്ടപ്പോൾ ദുഃഖം തോന്നി. അദ്ദേഹത്തിന് കുട ലഭ്യമാക്കാൻ ആരുമവിടെ ഉണ്ടായില്ല. എന്നാൽ മറ്റ് ചിലർക്ക് ആ സൗകര്യം ലഭിക്കുകയും ചെയ്തു. കോൺഗ്രസ് പാർട്ടിയുടെ ചുമതല വഹിക്കുന്നയാളാണെന്ന പേര് മാത്രമാണുള്ളത്. ആരുടെ കൈയ്യിലാണ് റിമോട്ട് കൺട്രോൾ ഉള്ളതെന്ന് ഈ ലോകത്തിനറിയാമെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.
Comments