വാരനാട് ദേവീ ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോട് അനുബന്ധിച്ചു നടന്ന ഗാനമേളയ്ക്കു ശേഷം നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ ഓടി പോകുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഗാനമേളയ്ക്ക് ശേഷം വിനീത് ഓടി രക്ഷപ്പെടുന്നു എന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചിരുന്നത്. പല മാദ്ധ്യമങ്ങളും അത്തരത്തിൽ വാർത്തയും നൽകി. എന്നാൽ, സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തു വന്നിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. അനിയന്ത്രിതമായി തിരക്ക് മൂലമാണ് താൻ ഓടി വണ്ടിയിൽ കയറിയതെന്നും ഒരു തരത്തിലുള്ള ദേഹോപദ്രവം ഉണ്ടായിട്ടില്ലെന്നും താരം പറഞ്ഞു.
‘വാരനാട് ക്ഷേത്രത്തിൽ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാർത്തകളും വീഡിയോകളും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തിൽ, അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാൻ നിർവാഹമില്ലാത്തതുകൊണ്ട് വണ്ടി വരെ അൽപദൂരം ഓടേണ്ടിവന്നു’.
‘അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല. പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സു മുഴുവൻ. ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്. സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വർഷമാണ്. രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാൽ, ഇനിയും വരും’ എന്ന് വിനീത് ശ്രീനിവാസൻ ഫേയ്സ്ബുക്കിൽ കുറിച്ചു.
Comments