ചണ്ഡീഗഡ്: ഇന്ത്യയുമായി ചേരാൻ പാക് ജനത തീവ്രമായി ആഗ്രഹിക്കുന്നതായി പ്രമുഖ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ. മതത്തിന്റെ പേരിൽ രാഷ്‌ട്രമുണ്ടാക്കുകയെന്നത് ബ്രീട്ടീഷുകാരുടെ തന്ത്രമായിരുന്നുവെന്നും പാകിസ്താൻ രൂപീകരിച്ചത് അത്തരത്തിൽ വലിയൊരു അബദ്ധമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യൻ ചെയ്ത പത്ത് അബദ്ധങ്ങളെക്കുറിച്ച് പുസ്തകമെഴുതുകയാണെങ്കിൽ പാകിസ്താൻ സൃഷ്ടി തീർച്ചയായും ഉൾപ്പെടുത്താമെന്നും അദ്ദേഹം തുറന്നടിച്ചു. ചണ്ഡീഗഡിൽ സംഘടിപ്പിച്ച ചിത്കാര ലിറ്റ് ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തിടെ അക്തർ, ലാഹോറിലെ ഫായിസ് പിലിം ഫെസ്റ്റിവലിൽ പങ്കെടുത്തിരുന്നു.ഊഷ്മളമായ സ്വീകരണവും വരവേൽപ്പുമായിരുന്നു അദ്ദേഹത്തിനവിടെ ലഭിച്ചത്. 166 പേരുടെ ജീവൻ അപഹരിച്ച മുംബൈ ഭീകരാക്രമണ കേസിലെ പ്രതികൾ ഇപ്പോഴും പാകിസ്താനിൽ സ്വതന്ത്രമായി വിഹരിക്കുകയാണെന്ന് അദ്ദേഹം പരാമർശിച്ചതിന് പിന്നാലെ സദസ്സിൽ നീണ്ട സംവാദം തന്നെയാണ് നടന്നത്. എന്നാൽ അന്നത്തെ കൈയടിയുടെ ശബ്ദത്തിൽ അമർന്നതിനാലാണ് അത് ആരുടെയും ശ്രദ്ധയിൽപ്പെടാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. നമ്മൾ വരച്ച അതിർത്തിയെ കുറിച്ചല്ല, മറിച്ച് ജനങ്ങളെ കുറിച്ചും അവരുടെ സ്‌നേഹത്തെക്കുറിച്ചുമാണ് സംസാരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിർത്തിക്കപ്പുറമുള്ള സന്ദർശന വേളയിൽ പറഞ്ഞത് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ പാക് ജനതയുടെ വൻ കരഘോഷമായിരുന്നു അവിടെ ഉണ്ടായത്. എന്നാൽ ഇത് പറയാനും ലോകത്തെ അറിയിക്കാനും എത്ര മാദ്ധ്യമങ്ങൾ ശ്രമിച്ചുവെന്നും അദ്ദേഹം ആഞ്ഞടിച്ചിരുന്നു. പാകിസ്താനിലെ ജനങ്ങൾ ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. രാഷ്‌ട്രീയവുമായി അതിനെ കൂട്ടിക്കലർത്തുകയല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വളരെ യുക്തിരഹിതമായ തീരുമാനമായിരുന്നു പാകിസ്താൻ എന്ന സൃഷ്ടി. മതം ഒരു രാഷ്‌ട്രത്തെ സൃഷ്ടിക്കുന്നില്ല. അങ്ങനെ സൃഷ്ടിച്ചിരുന്നെങ്കിൽ പശ്ചിമേഷ്യ മുഴുവൻ ഒരു രാഷ്‌ട്രവും യൂറോപ്പ് മുഴുവൻ മറ്റൊരു രാജ്യവുമാകുമായിരുന്നു. പാകിസാത്‌നിൽ അഹമ്മദിയ്യകളെയും ഷിയാകളെയും മുസ്ലീമായി കണക്കാക്കില്ല. ആ ഒഴിവാക്കൽ തുടരുന്നു- അക്തർ വിശദീകരിച്ചു.
പാക് കലാകാരന്മാരായ നുസ്രത്ത് ഫത്തേ അലി ഖാൻ, മെഹ്ദി ഹസൻ എന്നിവരെ ഭാരതം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. എന്നാൽ ലതാ മങ്കേഷ്‌കറിന്റെ ഒരി ഷോ പോലും പാകിസ്താനിൽ നടതതിയിട്ടില്ലെന്നും ജാവേദ് അക്തർ ലാഹോറിൽ പറഞ്ഞിരുന്നു.
സാഹിത്യലോകത്തിന്റെ ഒത്തുചേരലാണ് ചിത്കാര ലിറ്റ് ഫെസ്റ്റ്. പഞ്ചാബിലെ ചിത്കാര സർവകലാശാലയിലാണ് ഫെസ്റ്റ് നടക്കുന്നത്. രണ്ട് ദിവസത്തെ ആഘോഷത്തിൽ പങ്കുച്ചേരാൻ ആയിരങ്ങളാണ് എത്തിയത്. രാജ്യത്തുടനീളമുള്ള പ്രശസ്തരായ എഴുത്തുകാരുടെയും കവികളുടെയും സാഹിത്യ പ്രേമികളുടെയും ശ്രദ്ധേയമായ ഒരു നിരയാണ് ഫെസ്റ്റിനുണ്ടായിരുന്നത്.പ്രമുഖ എഴുത്തുകാർ, ചിന്തകർ തുടങ്ങിയവരുമായി ഇടപഴകാനും, പര്യവേഷണം ചെയ്യാനും വിദ്യാർത്ഥികൾക്കും സമൂഹത്തിനും ലഭിക്കുന്ന മികച്ച അവസരമാണ് ചിത്കര ലിറ്റ് ഫെസ്റ്റ്.
Comments