ന്യൂഡൽഹി : ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ വിദേശ പ്രതിനിധികളെ യോഗം നടക്കുന്ന വേദിയിലേക്ക് സ്വാഗതം ചെയ്ത് എസ് ജയശങ്കർ. രാഷ്ട്രപതി ഭവനിലെ കൾച്ചറൽ സെന്ററാണ് ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ വേദിയാകുന്നത്. എല്ലാ ജി20 അംഗരാജ്യങ്ങളിൽ നിന്നും 40 പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. റഷ്യ-യുക്രെയ്ൻ പ്രതിസന്ധി, ഭക്ഷ്യ-ഊർജ്ജ സുരക്ഷ, ഭീകരതയ്ക്കെതിരെയുള്ള പോരാട്ടം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ചർച്ച നടക്കും.
ഇന്ത്യയുടെ അദ്ധ്യക്ഷതയ്ക്ക് കീഴിൽ നടക്കുന്ന രണ്ടാമത്തെ മന്ത്രിതല യോഗമാണിത്. ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും ആദ്യ മന്ത്രിതല യോഗം ബെംഗളൂരുവിൽ നടന്നിരുന്നു. ജി20 അദ്ധ്യക്ഷതയിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ ഏറ്റവും വലിയ സമ്മേളനങ്ങളിലൊന്നാണിത്.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ നേതൃത്വത്തിൽ രണ്ട് ഘട്ടങ്ങളിലായി ചർച്ചകൾ നടക്കും. ആദ്യ ഘട്ടത്തിൽ ബഹുരാഷ്ട്രവാദം, ഭക്ഷണം, ഊർജ്ജം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. രണ്ടാമത്തെ ഘട്ടത്തിൽ തീവ്രവാദവും മയക്കു മരുന്നും ഉൾപ്പെടെയുള്ള വെല്ലുവിളി നിറഞ്ഞ വിഷയങ്ങൾ ചർച്ച ചെയ്യും.
Comments