തിരുവനന്തപുരം: ലോക്കൽ സെക്രട്ടറിക്ക് എസ്ഡിപിഐയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആലപ്പുഴയിലെ സിപിഎമ്മിലുണ്ടായ പൊട്ടിത്തെറി മതഭീകരവാദികളുമായുള്ള ബന്ധത്തിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മതഭീകരരുമായുള്ള നേതാക്കളുടെ ബന്ധത്തെ എതിർത്ത് ചെറിയനാട് സൗത്ത് ലോക്കൽ കമ്മിറ്റിയിലെ പാർട്ടി അംഗങ്ങൾ രാജി വെച്ചത് സ്വാഗതാർഹമാണെന്നും സിപിഎമ്മിന്റെ യഥാർത്ഥ മുഖം പാർട്ടി പ്രവർത്തകർ തിരിച്ചറിയുന്നതിൽ സന്തോഷമുണ്ടെന്നും സുരേന്ദ്രൻ തുറന്നടിച്ചു.
നേരത്തെ ഒളിഞ്ഞും തെളിഞ്ഞുമായിരുന്നു. ഇപ്പോൾ പരസ്യമായിത്തന്നെ. ലോക്കൽ സെക്രട്ടറി തലത്തിൽ മാത്രമല്ല മന്ത്രിസഭയിലും സെക്രട്ടറിയേറ്റിലും വരെ അന്തർധാര സജീവമാണ്. സിപിഎം കൂടുതൽ ഇസ്ലാമികവൽക്കരണത്തിലേക്ക് പോവുകയാണ്. ന്യൂനപക്ഷ വോട്ടിനുവേണ്ടി ഏത് ഭീകരസംഘടനയുമായി കൂട്ടുകൂടാം എന്ന ബംഗാൾ ലൈനിന് എന്തു സംഭവിച്ചു എന്ന് കേരളാ നേതാക്കൾ ഓർത്താൽ നല്ലത്.
കൂടുതൽ സൗകര്യം മമതയോടൊപ്പമായിരിക്കുമെന്ന് തിരിച്ചറിഞ്ഞ മുസ്ലീം ന്യൂനപക്ഷം അങ്ങോട്ടും ഭൂരിപക്ഷം ബിജെപിയിലേക്കും പോയപ്പോൾ സമ്പൂർണ്ണ തകർച്ചയാണ് സിപിഎമ്മിനുണ്ടായത്. ആലപ്പുഴയിലെ സംഭവവികാസങ്ങൾ ഒറ്റപ്പെട്ടതല്ല. കേരളമാകെ ഈ അവിശുദ്ധബാന്ധവം സിപി എം അണികളെ ഇരുത്തിച്ചിന്തിപ്പിക്കുമെന്ന കാര്യം ഉറപ്പാണ് എന്നും സുരേന്ദ്രൻ പറഞ്ഞു.
Comments