ലക്‌നൗ : ഉത്തർപ്രദേശിൽ രാജധാനി എക്‌സ്പ്രസ് ബസ് സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്ത്
മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനാണ് (യുപിഎസ്ആർടിസി) പുതിയ ബസ് സർവീസ് ആരംഭിച്ചത്. 76 രാജാധാനി എക്‌സ്പ്രസ് ബസുകളും 39 ജനറൽ ബസുകളും ഉൾപ്പെടെ 115 ബസുകളാണ് വിവിധ റൂട്ടുകളിലേക്ക് സർവീസ് നടത്തുന്നത്. ഹോളിയോടനുബന്ധിച്ച് പുതിയതായി 150 ബസ് സർവീസുകൾ കൂടി അനുവദിക്കും.
ലക്‌നൗവിലെ എല്ലാ മേഖലകളിലും ബസ് സർവീസ് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കൂടാതെ ‘ഉത്തർപ്രദേശ് റാഹി ആപ്പ്’ വഴി ബസ് ടിക്കറ്റിനായി ഓൺലൈൻ ബുക്കിംഗ് സൗകര്യവും സർക്കാർ സജ്ജമാക്കിയിട്ടുണ്ട്. ഗ്രാമ പ്രദേശങ്ങളിൽ കൂടുതൽ ബസ് സർവീസുകൾ അനുവദിക്കണമെന്ന് ഗതാഗത വകുപ്പിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
യുപിഎസ്ആർടിസി 50 വർഷം പൂർത്തികരിച്ചതിന്റെ ഭാഗമായി ട്രാൻസ്‌പോർട്ട് കോർപ്പറേഷന് യോഗി ആദിത്യനാഥ് അഭിനന്ദനങ്ങൾ അറിയിച്ചു.അമൃത കാലത്തിന്റെ ഈ സുവർണ്ണ വർഷത്തിൽ പുതിയ ഒരു യാത്രയ്‌ക്ക് ആരംഭം കുറിക്കുയാണ്. 45 ദിവസം നീണ്ടു നിന്ന കുംഭമേളയിൽ പങ്കെടുക്കാൻ 24 കോടി ഭക്തജനങ്ങളാണ് ഒഴുകിയെത്തിയത്. ഇവരുടെ സുഗമമായ യാത്രയ്‌ക്കായി 5000 പുതിയ ബസ് സർവീസുകളും സർക്കാർ ആരംഭിച്ചിരുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. നിലവിൽ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ കീഴിൽ 12,000 മുതൽ 14,000 ബസുകളാണുള്ളത്.
Comments