തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്‌ക്കായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. അനന്തപുരിയിലെ സജ്ജീകരണങ്ങൾ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. മുൻ വർഷങ്ങളേക്കാൾ ഭക്തരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൊങ്കാല സമയത്തെ സുരക്ഷയ്‌ക്കായി 3300 പോലീസ് ഉദ്യോഗസ്ഥരുണ്ടാകും. കൂടാതെ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ 150 വൊളന്റിയർമാരും, അഗ്നി രക്ഷാ സേനയുടെ 250 ജീവനക്കാരും സേവനത്തിനുണ്ടാകും.അന്നേദിവസത്തെ ജനത്തിരക്ക് പരിഗണിച്ച് കെഎസ്ആർടിസി പ്രത്യേക ബസ് സർവ്വീസുകൾ നടത്തും. 400 സർവീസുകളാണ് നടത്തുന്നത്. കെഎസ്ആർടിസി കിഴക്കേക്കോട്ട സ്റ്റാൻഡിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയാണ് ആറ്റുകാൽ ക്ഷേത്രമുള്ളത്. ഇവിടേക്ക് ചെയിൻ സർവ്വീസുകളാണ് കെഎസ്ആർടിസി നടത്തുക.
ആറ്റുകാൽ ക്ഷേത്രത്തിൽ നിന്നും തിരികെ ബസ് സ്റ്റാൻഡിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും സർവ്വീസുകളുണ്ടായിരിക്കും. ഇന്ത്യൻ റെയിൽവേയും പൊങ്കാല ദിനത്തിൽ പ്രത്യേക ട്രെയിൻ സർവീസുകളും അധിക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്. 1270 പൊതുടാപ്പുകൾ സജ്ജീകരിച്ചു. പൊങ്കാലയ്‌ക്ക് ശേഷം ശുചീകരണത്തിന് 3000 പേരെ കോർപറേഷൻ ഏർപ്പാടാക്കിയിട്ടുണ്ടെന്നും ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
മാർച്ച ഏഴിന്, ചൊവ്വാഴ്ച രാവിലെ 10.20-നാണ് അടുപ്പുവെട്ട്. ഉച്ചയ്‌ക്ക് 2.30 ന് നിവേദ്യം. അന്ന് രാത്രി കുത്തിയോട്ട വ്രതക്കാർക്കുള്ള ചൂരൽകുത്ത് നടക്കും. രാത്രി 10.15-ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കും. അടുത്ത ദിവസം രാവിലെ തിരിച്ചെഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തിയ ശേഷം രാവിലെ 8-ന് ദേവിയെ അകത്ത് എഴുന്നള്ളിക്കും. രാത്രി 9.15-ന് കാപ്പഴിക്കും. പുലർച്ചെ ഒന്നിന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ആറ്റുകാൽ ഉത്സവത്തിന് സമാപനം കുറിക്കും.
സ്ത്രീകളുടെ ശബരിമല എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ചടങ്ങാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം മാത്രമല്ല, ലോകത്തിൽ തന്നെ ഏറ്റവും അധികം സ്ത്രീകൾ ഒത്തുകൂടുന്ന ചടങ്ങ് എന്ന വിശേഷണവും ആറ്റുകാൽ പൊങ്കാലയ്‌ക്കുണ്ട്. ഓരോ വർഷവും പൊങ്കാലയിട്ട് ദേവിയുടെ അനുഗ്രഹം നേടുവാനായി ഇവിടെ എത്തുന്ന വിശ്വാസികളായ സ്ത്രീകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണുള്ളത്. അന്നപൂർണ്ണേശ്വരി ദേവിയുടെ ഇഷ്ടവഴിപാടാണ് പൊങ്കാല എന്നാണ് വിശ്വാസം.
Comments