ഇടുക്കി : ഇടുക്കിയിൽ കാട്ടാന ആക്രമണം തുടർക്കഥയാവുകയാണ്. പഴനി-തിരുവനന്തപുരം കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. നാമങ്ങാട് എസ്റ്റേറ്റിന് സമീപത്ത് വച്ചുണ്ടായ ആക്രമണത്തിൽ പടയപ്പയെന്ന കാട്ടാന ബസിന്റെ കണ്ണാടി തകർക്കുകയായിരുന്നു.
മുമ്പും പല തവണ ഈ പ്രദേശത്ത് വാഹനങ്ങൾക്ക് നേരെ കാട്ടാനയുടെ അതിക്രമം ഉണ്ടായിട്ടുണ്ട്. പടയപ്പയുടെ ഭാഗത്ത് നിന്ന് കെഎസ്ആർടിക്ക് നേരെ ആക്രമണം ഉണ്ടാവുന്നത് ആദ്യമാണ്. പഴനിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് ആക്രമണം നടന്നത്.
ബസിന് നേരെ കാട്ടാന പാഞ്ഞടുക്കുന്നത് കണ്ട ഡ്രൈവർ ബസ് നിർത്തിയിടുകയായിരുന്നു. ബസിന് അടുത്തേക്ക് വന്ന കാട്ടാന സൈഡ് കണ്ണാടി തകർത്തതിന് ശേഷം മടങ്ങി. മറ്റ് ആക്രമണങ്ങളൊന്നും ഉണ്ടായില്ല. ആന പരിസരപ്രദേശത്ത് തന്നെയാണ് നിലവിലുള്ളത്. ജനവാസമേഖലയിലല്ല കാട്ടാന ഉള്ളതെന്ന് വനം വകുപ്പ് അറിയിച്ചു. എന്നാൽ പ്രദേശത്ത് കൂടെ രാത്രിയിൽ സ്ഞ്ചരിക്കുന്നവർ ശ്രദ്ധിക്കണമെന്നും വനം വകുപ്പ് നിർദേശിച്ചു. പടയപ്പയെ പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Comments