എറണാകുളം: കൊച്ചിയിലെ സ്‌കൂളുകൾക്ക് അവധി നൽകിയതുമായി ബന്ധപ്പെട്ട് രൂക്ഷവിമർശനം. ജില്ലാ കളക്ടർ രേണു രാജിന്റെ ഫേസ്ബുക്ക് പേജിലാണ് വിമർശനം. ഏഴാം ക്ലാസ്സിനു മുകളിലേക്കുള്ള വിദ്യാർത്ഥികൾക്ക് വിഷപ്പുക ബാധകമല്ലേ എന്നുള്ള ചോദ്യമാണ് കമന്റ് ബോക്‌സിൽ നിറയുന്നത്. ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മാത്രം അവധി നൽകിയതിനെതിരെയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം.
ജില്ലയിലെ ഏഴാം ക്ലാസ്സുവരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്‌ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കു അവധിയായിരിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. പൊതു പരീക്ഷകൾക്ക് മാറ്റമില്ല. മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാലാണ് അവധി എന്നുമായിരുന്നു കളക്ടറുടെ വിശദീകരണം.
പ്ലാന്റിൽ ആളി കത്തിയിരുന്ന തീയണയ്‌ക്കാൻ കഴിഞ്ഞെങ്കിലും പുക ഇപ്പോഴും ഉയരുന്നുണ്ട്. ബ്രഹ്‌മപുരത്ത് നിന്നും 20 കിലോമീറ്റർ അകലെയുള്ള ആലപ്പുഴ അരൂരിലേക്ക് വരെ പുക ഉയർന്നതായാണ് വിവരം. സ്ഥിതി തുടർന്നാൽ കൊച്ചിയിലെ ജനങ്ങളിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവെയ്‌ക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.
Comments