തിരുവനന്തപുരം: വിശ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്‌ക്ക് ഇനി ഏതാനും മണിക്കൂറുകൾ മാത്രം. അനന്തപുരിയിൽ അടുപ്പുകൾ നിരന്നു കഴിഞ്ഞു. ആറ്റുകാലിലേക്ക് വൻ ഭക്തജനപ്രവാഹമാണ് കാണാൻ സാധിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന മഹോത്സവം ആണ് ആറ്റുകാൽ പൊങ്കാല. ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവമെന്ന ഗിന്നസ് ബുക്ക് റെക്കോർഡ് ആറ്റുകാൽ പൊങ്കാല കരസ്ഥമാക്കിയിട്ടുണ്ട്.
സ്ത്രീകളുടെ ശബരിമല എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ചടങ്ങാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം മാത്രമല്ല, ലോകത്തിൽ തന്നെ ഏറ്റവും അധികം സ്ത്രീകൾ ഒത്തുകൂടുന്ന ചടങ്ങ് എന്ന വിശേഷണവും ആറ്റുകാൽ പൊങ്കാലയ്‌ക്കുണ്ട്. ഓരോ വർഷവും പൊങ്കാലയിട്ട് ദേവിയുടെ അനുഗ്രഹം നേടുവാനായി ഇവിടെ എത്തുന്നത്.
വിശ്വാസികളായ സ്ത്രീകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണുള്ളത്. കരമനയാറിന്റേയും കിള്ളിയാറിന്റേയും സംഗമസ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആറ്റുകാൽ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഭദ്രകാളിയാണ്. ആറ്റുകാലമ്മ എന്നറിയപ്പെടുന്ന പ്രതിഷ്ഠയെ കണ്ണകി, അന്നപൂർണ്ണേശ്വരി ഭാവങ്ങളിൽ സങ്കൽപ്പിക്കുന്നവരുണ്ട്. അന്നപൂർണ്ണേശ്വരി ദേവിയുടെ ഇഷ്ടവഴിപാടാണ് പൊങ്കാല എന്നാണ് വിശ്വാസം.
കേരളത്തിനകത്തും പുറത്തുമുള്ള എല്ലായിടത്ത് നിന്നും ഭക്തർ ഇവിടെ എത്തിച്ചേരുന്നു. ഈ ദിനത്തിൽ പൊങ്കാലയിട്ടാൽ വരാനിരിക്കുന്ന ആപത്തുകൾ ഇല്ലാതാകുമെന്നും ആഗ്രഹിക്കുന്ന കാര്യങ്ങൾ സഫലമാകുമെന്നുമാണ് വിശ്വാസം. പൊങ്കാലയോടൊപ്പം തന്നെ ആറ്റുകാലമ്മയ്‌ക്ക് നിവേദിക്കുന്ന ഒന്നാണ് മണ്ടപ്പുറ്റ്. രോഗങ്ങൾ മാറാൻ ദേവിയുടെ ഇഷ്ട നിവേദ്യമായ മണ്ടപ്പുറ്റ് ഉപയോഗിക്കുന്നു.
തലവേദന പോലുള്ള ശിരസ്സുമായി ബന്ധപ്പെട്ട രോഗങ്ങൾ മാറുന്നതിന് വേണ്ടിയാണ് മണ്ടപ്പുറ്റ് ദേവിയ്‌ക്ക് നിവേദിക്കുന്നത്. തലയുടെ രൂപത്തിൽ കൈകൊണ്ട് കുഴച്ച് ഉരുട്ടിയെടുക്കും. ശേഷം അതിനെ നന്നായിട്ട് ആവിയിൽ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത്. എങ്ങനെയാണ് ഈ മണ്ടപ്പുറ്റ് തയ്യാറാക്കുന്നതെന്ന് നമുക്ക് നോക്കിയാലോ…
വേണ്ട ചേരുവകൾ…
വറുത്ത് പൊടിച്ച ചെറുപയർ -2 കപ്പ്
അരിപ്പൊട – അരക്കപ്പ്
ശർക്കര – ആവശ്യത്തിന്
ഏലയ്‌ക്ക – 5 എണ്ണം
നെയ്യ് – 2 ടീസ്പൂൺ
കൽക്കണ്ടം – ആവശ്യത്തിന്
ഉണക്ക മുന്തിരി – 1 സ്പൂൺ
തേങ്ങ – 1 പിടി
വറുത്ത കൊട്ട തേങ്ങ – ആവശ്യത്തിന്
മണ്ടപ്പുറ്റ് തയ്യാറാക്കുന്ന വിധം :-
വറുത്ത ചെറുപയർ പൊടിച്ചാണ് മണ്ടപ്പുറ്റ് ഉണ്ടാക്കുന്നത്.അതിനായി ആദ്യം വറുത്ത ചെറുപയർ നന്നായി പൊടിച്ചെടുക്കുക. അതിലേക്ക് ശർക്കര, ഏലയ്‌ക്ക, നെയ്യ്, മുന്തിരി, നെയ്യിൽ വറുത്തെടുത്ത കൊട്ട തേങ്ങ, കൽക്കണ്ടം, ചിരകിയ തേങ്ങ എന്നിവ ചേർത്ത് കുഴച്ച് ഉരുളയാക്കി (തലയുടെ രൂപത്തിൽ)എടുക്കുക. ഒരു വശം രണ്ട് കുത്തിടണം.എന്ന ആവിയിൽ വേവിച്ചെടുക്കുക. ആറ്റുകാലമ്മയ്‌ക്ക് നിവേദിക്കാനുള്ള മണ്ടപ്പുറ്റ് തയ്യാർ…!
Comments