ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുത്ത് ഭാരതീയ ജനതാ പാർട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 100 റാലികളടക്കം വിപുലമായ പ്രചാരണ പരിപാടികളാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പശ്ചിമ ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. കഴിഞ്ഞദിവസം ബിജെപി. ദേശീയ അദ്ധ്യക്ഷൻ ജെപി. നദ്ദയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് ഈ തീരുമാനം.
രാജ്യത്തെ 60 ന്യൂനപക്ഷമണ്ഡലങ്ങൾ കണ്ടെത്തി പ്രത്യേക പ്രചാരണ പരിപാടികൾ ആവിഷ്കരിക്കുമെന്നും ബിജെപി അറിയിച്ചിട്ടുണ്ട്. ഇക്കുറി സ്ത്രീകൾക്കും ന്യൂനപക്ഷ സമുദായങ്ങൾക്കും വേണ്ടി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുകയുെ ചെയ്യും.
കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ, ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ 160 മണ്ഡലങ്ങൾക്ക് പ്രാധാന്യം നൽകും. 2024-ലെ പൊതുതിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ബ്ലൂപ്രിന്റ് ഏറെക്കുറെ തയ്യാറായിക്കഴിഞ്ഞുവെന്നും മുതിർന്നനേതാക്കളായ സുനിൽ ബൻസാൽ, വിനോദ് താവ്ഡെ, തരുൺ ചുഗ് എന്നിവരടങ്ങുന്ന സമിതി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും പാർട്ടി ദേശീയവൃത്തങ്ങൾ അറിയിച്ചു.
Comments