തിരുവനന്തപുരം: സ്വർണ കള്ളക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമമെന്ന് സ്വപ്ന സുരേഷ്. താനുമായി ഒത്തു തീർപ്പിന് ചിലർ ശ്രമിച്ചുവെന്നും അതിന് താൻ നിന്നു കൊടുത്തില്ല എന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഫേയ്സ്ബുക്കിലൂടെയാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. ‘സ്വർണ്ണ കടത്ത് കേസിൽ ഒത്ത് തീർപ്പ്. അതും എന്റെ അടുത്ത്. വിവരങ്ങളുമായി ഞാൻ വൈകിട്ട് 5 മണിക്ക് ലൈവിൽ വരും’ എന്നാണ് സ്വപ്ന ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ അഡീക്ഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെ തന്നെയാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ.
വനിതാ ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് സ്വപ്ന ആശംസകൾ നേർന്നതും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ പോരാടുന്ന ഒരു സ്ത്രീയാണ് താൻ. വനിതാ ദിനത്തിൽ ആശംസകൾ നേരുന്നതിനായി മാധുര്യമുള്ള വാക്കുകൾ അദ്ദേഹം കണ്ടെത്തട്ടെ. ഒരു സ്ത്രീയെ ഇതുവരെ പരാജയപ്പെടുത്തി എന്നതിൽ മുഖ്യമന്ത്രിക്ക് സന്തോഷിക്കാം. എന്നാൽ, ഒരു ദിവസം ലോകത്തിലെ ഉപയോഗശൂന്യമായ ഒരു പുരഷദിനം താനും ആഘോഷിക്കും. ചരിത്രം ഒരിക്കൽ കൂടി ആവർത്തിക്കും എന്നാണ് സ്വപ്ന സുരേഷ് ഫേയ്സ്ബുക്കിൽ കുറിച്ചത്.
അതേസമയം, ലൈഫ് മിഷൻ അഴിമതിയിലെ കള്ളപ്പണക്കേസിൽ സി.എം രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. കേസിൽ രവീന്ദ്രനെ ഇഡി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതിൽ രവീന്ദ്രൻ നൽകിയ ഉത്തരങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും വിളിപ്പിക്കുന്നത്. ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നടപടികളും സി.എം രവീന്ദ്രന്റെ അറിവോടെയാണെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു.
Comments