ആദ്യം മുതൽ താൻ പറയുന്ന കാര്യങ്ങളിൽ അണുവ്യത്യാസമില്ലാതെ ഉറച്ചുനിൽക്കുന്നുവെന്ന് സ്വപ്ന സുരേഷ്. പണം നൽകി വരുതിയിലാക്കാമെന്നോ ഭീഷണിപ്പെടുത്തി തന്റെ ശബ്ദം ഇല്ലാതാക്കാമെന്നോ ആരും കരുതേണ്ടെന്നും മരണം വരെ പോരാടുമെന്നും സ്വപ്ന സുരേഷ് പ്രതികരിച്ചു. സ്വർണക്കടത്ത് കേസിൽ ഒത്തുതീർത്തിപ്പിനായി പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ അയച്ചതാണെന്ന് പറഞ്ഞ് എത്തിയ വിജേഷ് പിള്ളയുമായുള്ള കൂടിക്കാഴ്ച വിശദീകരിക്കുകയായിരുന്നു സ്വപ്ന. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു സ്വപ്നയുടെ പ്രതികരണം.
സ്വപ്നയുടെ വാക്കുകളിലേക്ക്..
“ആരുടെയും പൊളിറ്റിക്കൽ കരിയർ ഇല്ലാതാക്കാനല്ല ഞാൻ ഇറങ്ങി തിരിച്ചത്. സത്യം പുറത്തുകൊണ്ടുവരാനാണ്. ഗോവിന്ദൻ മാഷ് പറഞ്ഞയച്ചതാണെന്ന് പറഞ്ഞെത്തിയ വിജയ് പിള്ള പല രീതിയിലും എന്നോട് ഒത്തുതീർപ്പിനെക്കുറിച്ച് സംസാരിച്ചു. അപേക്ഷിക്കുന്നത് പോലെ, സഹായിക്കുന്നത് പോലെ, ഭീഷണിപ്പെടുത്തുന്നത് പോലെ.. അങ്ങനെ പല രീതിയിലും 30 കോടി രൂപയുടെ സെറ്റിൽമെന്റ് ടോക്ക് നടന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ രണ്ട് ദിവസത്തെ സമയം തന്നു.
സംഭവത്തിന് പിന്നാലെ ഞാൻ എന്റെ അഭിഭാഷകൻ കൃഷ്ണരാജിനെ വിവരമറിയിച്ചു. വിജയ് പിള്ള പറഞ്ഞ കാര്യങ്ങളും അയാളുടെ ചിത്രവുമടക്കം വക്കീലിന് കൈമാറി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം കർണാടക ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും ഇഡിക്കും കത്തയച്ചു. കാരണം, ഇപ്പോൾ ബെംഗളൂരുവിലും എനിക്ക് സുരക്ഷ ആവശ്യമാണ്. ഇവിടെ ഞാനും എന്റെ മക്കളും സുരക്ഷിതരല്ല. കേരളത്തിൽ ഒട്ടും സുരക്ഷയില്ലെന്ന് മനസിലാക്കിയപ്പോഴാണ് ബെംഗളൂരുവിലേക്ക് ചേക്കേറിയത്. ഇവിടെയും ഇപ്പോൾ അത് തന്നെയാണ് അവസ്ഥ.
നിങ്ങൾ എല്ലാവരും മനസിലാക്കേണ്ട കാര്യം, ഒരു ഒത്തുതീർപ്പിനും ഞാൻ തയ്യാറല്ല എന്നതാണ്. ഈ ഫേസ്ബുക്ക് ലൈവിലൂടെ മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ഞാൻ പറയുകയാണ്.. പറഞ്ഞ കാര്യത്തിൽ നിന്നും ഒരിക്കലും പിന്മാറില്ല. അവസാനം കാണുന്നവരെ എന്റെ പോരാട്ടം നിൽക്കുകയുമില്ല. ഇത് കേവലം സ്വപ്നയ്ക്ക് വേണ്ടി മാത്രമുള്ള യുദ്ധമല്ല. ഈ സംസ്ഥാനത്തിന് മുഴുവനും വേണ്ടിയുള്ള പോരാട്ടമാണ്. കേരളത്തെയും മലയാളികളെയും വിറ്റുതൊലച്ചുകൊണ്ട് നിങ്ങൾ മകളുടെ സാമ്രാജ്യം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നത് അനുവദിക്കില്ല. എന്റെ കൂടെ നിൽക്കാൻ, എന്നെ വിശ്വസിക്കുന്ന ഒരു വിഭാഗം ജനങ്ങളുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. അവരുടെ കൂടെ നിന്ന് ഇതിനെല്ലാം അവസാനം കണ്ടേ ഞാൻ അടങ്ങൂ.. നിങ്ങളുടെ എല്ലാ അനധികൃത നടപടികളും തെളിവ് സഹിതം കൊടുക്കേണ്ടിടത്ത് കൊടുത്തിട്ടുണ്ട്. നിങ്ങളെന്താണെന്ന് ഞാൻ പുറത്തുകൊണ്ടുവന്നിരിക്കും. അവസാന ശ്വാസം വരെയും ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കെതിരെ പോരാടും..” സ്വപ്ന സുരേഷ് വ്യക്തമാക്കി
Comments