കാസർകോട് : കാസർകോട് കച്ചവടത്തിനായി കൊണ്ടുവന്ന പോത്തിന്റെ കുത്തേറ്റ് 22 കാരന് ദാരുണാന്ത്യം. കാസർകോട് മൊഗ്രാൽ പുത്തൂരിൽലാണ് സംഭവം. കർണാടക ചിത്രദുർഗ സ്വദേശി സാദിഖ് ആണ് മരിച്ചത്. വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെ വിരണ്ടോടിയ പോത്തിന്റെ കുത്തേൽക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. പോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സാദിഖിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സാദിഖും പിതാവും പോത്ത് കച്ചവടം ചെയ്യുന്നവരാണ്. പോത്ത് സാദിഖിനെ ആക്രമിച്ച ശേഷം രണ്ട് കിലോമീറ്ററോളം ദൂരം വിരണ്ടോടിയിരുന്നു. തുടർന്ന് പോത്തിന്‍റെ ആക്രമണത്തില്‍ സമീപത്തെ കടകളിലെല്ലാം നാശനഷ്ടങ്ങളുണ്ടായി. റോഡിലൂടെ പോവുകയായിരുന്ന സ്കൂട്ടര്‍ യാത്രികയെയും പോത്ത് ഇടിച്ചുവീഴ്‌ത്തി.
ഇതോടെ കാസര്‍കോട് നിന്ന് പൊലീസും അഗ്നിശമന സേനയും എത്തിയാണ് പോത്തിനെ നിയന്ത്രണത്തിലാക്കിയത്. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വൈകീട്ട് ഏഴുമണിയോടെയാണ് പോത്തിനെ പിടിച്ചുകെട്ടാനായത്.
Comments