കണ്ണൂർ: കോടികൾ വാഗ്ദാനം ചെയ്ത് സ്വർണകടത്ത് കേസിൽ സെറ്റിൽമെന്റിനായി സ്വപ്ന സുരേഷിനെ സമീപിച്ച വിജേഷ് പിള്ളയുടെ കുടുംബവീട് എം.വി ഗോവിന്ദന്റെ വീടിനടുത്ത്. കണ്ണൂർ ബക്കളം കടമ്പേരി സ്വദേശിയായ വിജേഷ് പിള്ളയെ നാട്ടിൽ അറിയപ്പെട്ടിരുന്നത് വിജേഷ് കൊയിലേത്ത് എന്ന പേരിൽ. ഇയാളുടെ യാത്രകളെല്ലാം ആഡംബര കാറുകളിലാണെന്നാണ് നാട്ടുകാരും പറയുന്നത്. ആന്തൂർ നഗരസഭയിലെ കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിനടുത്തുള്ള വിജേഷിന്റെ വീട്ടിൽ നിന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മൊറാഴയിലെ വീട്ടിലെത്താൻ കേവലം അഞ്ച് കിലോമീറ്ററാണ് ദൂരം.
പത്ത് വർഷം മുൻപ് നാട്ടിൽ മണിചെയിൻ ബിസിനസ് നടത്തിയിരുന്ന വിജേഷ് പിന്നീട് കൊച്ചിയിലേക്ക് താമസം മാറുകയായിരുന്നു. തന്റെ മകന് സിപിഎമ്മുമായോ എം.വി.ഗോവിന്ദനുമായോ ബന്ധമില്ലെന്നാണ് വിജേഷിന്റെ അച്ഛൻ പറയുന്നത്. ഏറെ നാളുകളായി മകന് നാടുമായി വലിയ ബന്ധമില്ല. ഒരു മാസം മുൻപാണ് വീട്ടിൽ വന്നുപോയതെന്നും അദ്ദേഹം വ്യക്തമാക്കി.
പഴയ സിനിമകൾ പ്രദർശിപ്പിക്കാനായി തുടങ്ങിയ ആക്ഷൻ ഒടിടിയുടെ സിഇഒയാണ് വിജേഷ് എന്നുള്ളതിന് തെളിവുകൾ കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. വാടക കുടിശ്ശിക വരുത്തിയതിനെ തുടർന്ന് ഇയാൾ കൊച്ചിയിൽ തുടങ്ങിയ ഓഫീസ് പുൂട്ടി പോകുകയായിരുന്നു. ഇതിനിടയിൽ ഇയാളെ ഇഡി ചോദ്യം ചെയ്യുന്നു എന്നുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
സ്വപ്‌ന ഏറ്റവും ഒടുവിലായി നടത്തിയ വെളിപ്പെടുത്തലിലാണ് വിജേഷ് പിള്ള എന്നയാൾ സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് വേണ്ടി തന്നെ സമീപിച്ച വിവരം പുറത്ത വിട്ടത്.
30 കോടി രൂപ വാഗ്ദാനം ചെയ്തായിരുന്നു സ്വപ്നയെ വിജേഷ് സമീപിച്ചത്. സെറ്റിൽമെന്റിന് തയ്യാറായില്ലെങ്കിൽ സ്വപ്നയെ തീർത്തുകളയുമെന്ന് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചതായും വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയിരുന്നു. മൂന്ന് ദിവസം മുമ്പായിരുന്നു വിജേഷ് സ്വപ്നയെ വിളിച്ചത്. വിജേഷ് പിള്ളയുമായി സംസാരിക്കുന്ന ചിത്രങ്ങളും സ്വപ്‌ന പുറത്തുവിട്ടിരുന്നു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെയും കുടുംബത്തെയും വീണ്ടും പ്രതിക്കൂട്ടിൽ നിർത്തുന്നതുമെന്ന് ഊന്നി പറയുന്നതാണ് സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ.
Comments