കൊച്ചി: ബ്രഹ്‌മപുരം തീപിടിത്തത്തിൽ പ്രതികരിച്ച് നിർമ്മാതാവ് ഷിജു ജി സുശീലൻ. തീപിടിത്തത്തെ തുടർന്നുള്ള പുകയിൽ നഗരം ബുദ്ധിമുട്ടുമ്പോൾ കൊച്ചി നിവാസികളായ പ്രമുഖ ചലച്ചിത്ര താരങ്ങൾ പ്രതിക്കാത്തതിനെതിരെയാണ് നിർമ്മാതാവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. ജനങ്ങൾക്ക് ജീവവായു നിഷേധിക്കുന്ന അധികാരകൾക്കെതിരെ പ്രതിഷേധിക്കാൻ കാലതാമസം എന്തുകൊണ്ടാണെന്നും ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാണെന്നും ഷിബു കുറിപ്പിൽ ചോദിച്ചു.
കഴിഞ്ഞ കുറെ ദിവസങ്ങളായി കൊച്ചിയിലെ ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുന്നത്തിന് എതിരെ പ്രതികരിക്കാൻ കൊച്ചിയിൽ താമസിക്കുന്ന നമ്മുടെ സ്റ്റാറുകളായ മമ്മൂക്ക, ലാലേട്ടൻ, പൃഥ്വിരാജ്, തുടങ്ങി എല്ലാവരും മുന്നോട്ട് വരണമെന്ന് അപേക്ഷിക്കുന്നു. നമ്മൾ ഉറക്കത്തിലും ഈ വിഷവായുവല്ലേ ശ്വസിക്കുന്നത്? അതോ നിങ്ങളുടെ വീടുകളിൽ വേറെ വായു ഉൽപാദിപ്പിക്കുന്നുണ്ടോ? ജീവിക്കാൻ വേണ്ട ജീവവായു നിഷേധിക്കുന്ന അധികാരികൾക്കെതിരെ സംസാരിക്കാൻ പോലും എന്താണ് കാലതാമസം. ഇങ്ങനെയുള്ള അനീതിക്കെതിരെ പ്രതികരിച്ചില്ലെങ്കിൽ പിന്നെ എന്തിനോടാണ് നിങ്ങൾ പ്രതികരിക്കുക? ആരെങ്കിലും എഴുതി തരുന്ന ഡയലോഗുകളാൽ ഗർജിക്കുന്ന കഥാപാത്രങ്ങളിൽ മാത്രം മതിയോ നിങ്ങളുടെ ഗർജ്ജനം. രാഷ്‌ട്രീയം നോക്കാതെ അധികാരികൾക്കെതിരെ പ്രതികരിക്കുക. ജനങ്ങൾക്ക് വേണ്ടി, നിങ്ങളുടെ പ്രേക്ഷകർക്ക് വേണ്ടി പ്രതികരിക്കുക. ഇനി ഒരിക്കലും ഈ അവസ്ഥ ഉണ്ടാകാതിരിക്കാൻ വേണ്ടി പ്രതികരിക്കുക. ഇങ്ങനെ പറഞ്ഞത് തെറ്റായി പോയെങ്കിൽ എന്നോട് ക്ഷമിക്കുക. എന്നായിരുന്നു ഷിബു ജി സുശീലന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.
ബ്രഹ്‌മപുരം തീപിടിത്തത്തെ തുടർന്നുള്ള പ്രശ്നങ്ങളെക്കുറിച്ച്, ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി സർവ്വേ നടത്തും. പുക ശ്വസിക്കുന്നതിലൂടെയുള്ള രോഗലക്ഷണങ്ങൾ ഉള്ളവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും. ആശുപത്രികളിൽ മതിയായ സൗകര്യം ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ശ്വാസ കോശ പ്രശനങ്ങൾ ഉള്ളവർ എത്രയും പെട്ടന്ന് ഡോക്ടറെ കാണണം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
Comments