തമിഴ് ചലച്ചിത്രങ്ങളിൽ ആറാം വയസില്‍ ബാലനടിയായി സിനിമ രംഗത്തേക്ക് എത്തി തെന്നിന്ത്യൻ ഭാഷകളിലെല്ലാം തന്റെതായ ഇടം നേടിയെടുത്ത നടിയാണ് മീന. ഇപ്പോള്‍ സിനിമ രംഗത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കുന്ന നടി, സിനിമ രംഗത്തെ തന്‍റെ അനുഭവങ്ങള്‍ തുറന്ന് പറയുകയാണ്. തമിഴ് ചാനലായ സിനി ഉലഗത്തിൽ നടി സുഹാസിനി നടത്തുന്ന ചാറ്റ് ഷോയിലായിരുന്നു നടിയുടെ വെളിപ്പടുത്തൽ.
ബോളിവുഡ് സൂപ്പർതാരം ഹൃതിക് റോഷനെ തനിക്ക് വലിയ ഇഷ്ടമായിരുന്നു. പണ്ട് വിവാഹാലോചന നടത്തുന്ന അമ്മയോട് എനിക്ക് ഹൃതിക്കിനെ പോലെയുള്ളയാൾ മതിയെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഹൃതിക്കിന്‍റെ വിവാഹ ദിവസം എന്‍റെ ഹൃദയം തകര്‍ന്നു പോയെന്നും, എനിക്ക് അന്ന് കല്ല്യാണം ആയിട്ടില്ലെന്നും മീന കൂട്ടിചേർത്തു. ഷോയില്‍ സുഹാസിനി മീന ഹൃതിക്കിനെ പരിചയപ്പെടുന്ന പഴയ ഫോട്ടോ കാണിച്ചപ്പോഴാണ് നടനോടുള്ള തന്‍റെ സ്നേഹവും ആരാധനയും മീന വ്യക്തമാക്കിയത്.
അതേസമയം തന്‍റെ മകളെ കുറിച്ചും നടി വാചാലയായി. വിജയ് നായകനായ തെറി എന്ന ചിത്രത്തിൽ മീനയുടെ മകള്‍ നൈനിക അഭിനയിച്ചിരുന്നു. ഈ ചിത്രം വലിയ ബോക്സ്ഓഫീസ് വിജയവുമായിരുന്നു. തന്‍റെ മകളുടെ ചലച്ചിത്ര രംഗത്തെ അരങ്ങേറ്റവും, ആ ചിത്രത്തിന്‍റെ വിജയവുമാണ് തന്‍റെ ഏറ്റവും വലിയ സന്തോഷമെന്നും, ഞാനെത്ര സിനിമ ചെയ്തിട്ടുണ്ടെങ്കിലും എത്ര അവാർഡ് വാങ്ങിയാലും എന്റെ മകളുടെ നേട്ടവുമായി താരതമ്യം ചെയ്യാൻ പറ്റില്ലെന്നും മീന പറഞ്ഞു.
ഇതിനിടെ പല ഹിറ്റ് ചിത്രങ്ങളിൽ നിന്നും ഒഴിവായതിൽ കുറ്റബോധമുണ്ടെന്നും മീന കൂട്ടിചേർത്തു. രജനി നായകനായ പടയപ്പ സിനിമയിലെ രമ്യ കൃഷ്ണന്‍റെ വളരെ പ്രശസ്തമായ നെഗറ്റീവ് റോളിലേക്ക് ആദ്യം വിളിച്ചത് തന്നെയാണെൃന്നും മീന വെളിപ്പെടുത്തി.
നിരവധി സിനിമകളില്‍ നായിക വേഷങ്ങള്‍ ചെയ്ത് നല്ല ഇമേജിൽ നിൽക്കുന്ന സമയമായിരുന്നു. അതിനാൽ പടയപ്പയിലെ വില്ലത്തി ഇമേജിലുള്ള വേഷം ചെയ്യുന്നത് കരിയറിനെ ബാധിക്കുമെന്ന് പേടിച്ച് അമ്മ അന്നത് ചെയ്യേണ്ടെന്ന് പറഞ്ഞു. ശരിയെന്ന് എനിക്കും തോന്നി. എന്നാൽ ആ കഥാപാത്രം വളരെ വെല്ലുവിളികള്‍ നല്‍കുമായിരുന്നു. അത് ലഭിച്ചിട്ടും ചെയ്യാൻ പറ്റാഞ്ഞതിൽ കുറ്റബോധമുണ്ട്. അമ്മയുടെ വാക്ക് കേൾക്കാതെ സിനിമ ചെയ്യാമായിരുന്നെന്നും നടി തുറന്ന് പറഞ്ഞു.
Comments