ലോകം മുഴുവൻ കാത്തിരിക്കുന്ന ഓസ്കർ പ്രഖ്യാപനത്തിന് തുടക്കമായി. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് ചടങ്ങുകൾ നടക്കുന്നത്. ഇത്തവണ പുരസ്കാരം നേടുന്ന ചിത്രങ്ങൾ പരമ്പരാഗത സങ്കൽപങ്ങളെ അട്ടിമറിക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയ്ക്ക് അഭിമാനമായി മൂന്ന് സിനിമകളാണ് നാമനിർദേശ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. എസ് എസ് രാജമൗലിയുടെ ‘ആർആർആർ’ എന്ന ചിത്രത്തിലെ ഗാനത്തിന് ഓസ്കാർ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ പ്രേക്ഷകർ. ബോളിവുഡ് താരം ദീപിക പദുകോൺ പുരസ്കാരം സമ്മാനിക്കുന്നവരിൽ ഒരാളാണ്.
നാല് പുരസ്കാരങ്ങളാണ് ഇതുവരെ പ്രഖ്യാപിച്ചത്. മികച്ച ആനിമേറ്റഡ് സിനിമ- പിനോച്ചിയോ, മികച്ച സഹനടൻ – എവരിത്തിംഗ് എവരിവേർ ഓൾ അറ്റ് വൺസ് എന്ന ചിത്രത്തിന് വേണ്ടി കെ ഹൈ ക്യുവാനാണ് പുരസ്കാരം കരസ്ഥമാക്കിയത്. ജാമി ലീ കർട്ടിസിനാണ് മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. നവാൽനിയാണ് മികച്ച ഡോക്യുമെന്ററി ഫീച്ചർ ചിത്രം.
പ്രശസ്ത ടെലിവിഷൻ അവതാരകൻ ജിമ്മി കിമ്മലാണ് ചടങ്ങുകളുടെ അവതാരകൻ. ഇരുപത്തിമൂന്ന് വിഭാഗങ്ങളിലെ ഓസ്കാർ അവാർഡുകളാണ് പ്രഖ്യാപിക്കുക.
മൂന്ന് വിഭാഗങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്. മികച്ച ഒറിജിനൽ ഗാന വിഭാഗത്തിൽ ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനം ഉൾപ്പെട്ടത് ഇന്ത്യക്കാരുടെ പ്രതീക്ഷ വാനോളം ഉയർത്തുന്നുണ്ട്. മികച്ച ഡോക്യുമെന്ററി ഫീച്ചർ അവാർഡിനായി ഓൾ ദാറ്റ് ബ്രീത്ത് മത്സരിക്കുന്നു, മികച്ച ഡോക്യുമെന്ററി ഷോർട്ട് സബ്ജക്ട് വിഭാഗത്തിൽ ദ എലിഫന്റ് വിസ്പറേഴ്സ് മത്സരിക്കുന്നു.
Comments