തൃശൂർ, ഗുരുവായൂർ റെയിൽവേ സ്റ്റേഷനുകൾ എയർപോർട്ട് നിലവാരത്തിലേക്ക്; 300 കോടി രൂപ അനുവദിച്ചു

Published by
Janam Web Desk

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷന്റെ വികസനത്തിന് 300 കോടി രൂപ അനുവദിച്ചു. വിമാനത്താവളത്തിന് സമാനമായി റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കുന്നതിനാണ് തുക അനുവദിച്ചത്. അമൃത് നഗരം സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഗുരുവായൂർ റെയിൽവേ സ്റ്റേഷനും 12 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

2025 ഓടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ ആധുനികവത്കരണം പൂർത്തിയാകും. തൃശൂരിന്റെ സാംസ്കാരിക പാരമ്പര്യവും തൃശൂർ പൂരത്തിന്റെ പ്രാധാന്യവും കണക്കിലെടുത്താണ്  നടപടി. സൂപ്പർമാർക്കറ്റ്, വിശ്രമ സങ്കേതം എന്നിവ ഉൾപ്പെടെ വിശാല സൗകര്യങ്ങളായിരിക്കും റെയിൽവേ സ്റ്റേഷനിൽ ഒരുക്കുക.

റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി അദ്ധ്യക്ഷൻ പി.കെ കൃഷ്ണദാസാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതിയുടെ അവലോകനത്തിനായി 12 അംഗ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി തൃശൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. എറണാകുളം, കൊല്ലം റെയിൽവേ സ്റ്റേഷനുകളിൽ ആധുനികവത്കരണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. ഇന്ത്യയിലെ 52 റെയിൽവേ സ്റ്റേഷനുകളാണ് ഇത്തരത്തിൽ വിമാനത്താവള നിലവാരത്തിൽ ഉയരുക.

Share
Leave a Comment