ജലന്ധർ: അമൃത്പാൽ സിംഗ് എവിയൊണെന്ന് തങ്ങൾക്ക് അറിവില്ലെന്ന് പിതാവ് താർസെം സിംഗ്. മണിക്കൂറോളം പോലീസ് തങ്ങളുടെ വീട്ടിൽ തിരച്ചിൽ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. മകനോട് കീഴടങ്ങാൻ പറയണമെന്നും പോലീസ് കുടുംബത്തോട് ആവശ്യപ്പെട്ടു. ഖാലിസ്ഥാൻ തീവ്രവാദി അമൃത്പാൽ സിംഗിനെ അമർച്ചചെയ്യാൻ പഞ്ചാബ് സർക്കാർ ശനിയാഴ്ച നടപടികൾ ആരംഭിച്ചിരുന്നു. അമൃത്പാലിന്റെ നേതൃത്വത്തിലുള്ള സംഘടനയിലെ 78 അംഗങ്ങളെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അമൃത്പാൽ രക്ഷപ്പെടുകയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
അമൃത്പാലിന്റെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ഇയാൾക്കെതിരെ തിരച്ചിൽ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. നിരവധി ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ‘വാരിസ് പഞ്ചാബ് ദേ’യുടെ ഘടകങ്ങൾക്കെതിരെ സംസ്ഥാനത്ത് തിരച്ചിലും ആരംഭിച്ചതായും പോലീസ് പറഞ്ഞു. ഇതിന് പിന്നാലെ അമൃത്പാൽ സിംഗിനെ പോലീസ് പിടികിട്ടപ്പുള്ളിയായിപ്രഖ്യാപിച്ചു. ജലന്ധർ പോലീസ് കമ്മീഷണർ കുൽദീപ് സിംഗ് ചാഹലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം പ്രശ്‌നത്തിന്റെ വ്യാപ്തി അറിയിക്കാനായി പഞ്ചാബ് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടികാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തെ ഖാലിസ്ഥാൻ തീവ്രവാദം അവസാനിപ്പിക്കാൻ എല്ലാ സഹായങ്ങളും കേന്ദ്രം വാഗ്ദാനം ചെയ്തു. ആഭ്യന്തര മന്ത്രി അമിത് ഷായെ ഇയാൾ വെല്ലുവിളിച്ചിരുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ അതേ വിധി തന്നെയാണ് അമിത് ഷായെയും കാത്തിരിക്കുന്നതെന്നാണ് അമൃത്പാൽ പറഞ്ഞത്.
Comments