ഇടുക്കി:അരിക്കൊമ്പന് കെണിയൊരുക്കി വനംവകുപ്പ്, ആനയെ പിടികൂടാനായി സിമന്റ് പാലത്തിന് സമീപം താൽക്കാലിക റേഷൻ കടയുടെ കെണിയൊരുക്കിയിരിക്കുകയാണ് വനം വകുപ്പ്. സാഹചര്യങ്ങൾ അനുകൂലമായാൽ 23ന് അരിക്കൊമ്പനെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിക്കും. ഇടുക്കി മലയോര ഗ്രാമങ്ങളായ ചിന്നക്കനാൽ ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പടർത്തിക്കൊണ്ടിരിക്കുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള സംഘം വയനാട്ടിൽ നിന്ന് പുറപ്പെട്ടു.
21ന് ചിന്നക്കനാലിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. അരിക്കൊമ്പനെ പിടികൂടുന്നതിനായി സിമന്റ് പാലത്തിന് സമീപം താൽക്കാലിക റേഷൻ കട ഒരുക്കിയിട്ടുണ്ട്. അരിയും മറ്റും എത്തിച്ച് ആനയെ ആകർഷിച്ച് ഇവിടെയ്ക്ക് എത്തിച്ച് പിടികൂടാനാണ് വനം വകുപ്പിന്റെ നീക്കം. വിക്രം എന്ന കുങ്കിയാനയുമായുള്ള സംഘമാണ് ഇന്ന് ഇടുക്കിയിൽ എത്തുക. കൂടാതെ കോന്നി സുരേന്ദ്രൻ, കുഞ്ചു, സൂര്യൻ എന്നീ കുങ്കിയാനകളെയും മുത്തങ്ങ ആനപ്പന്തിയിൽ നിന്നും ദൗത്യത്തിനായി എത്തിക്കും.
പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലായിരിക്കും കുങ്കിയാനകളെ ഇടുക്കിയിലെത്തിക്കുന്നത്. കുങ്കി ആനകളുമായി വന്ന ലോറികളിൽ ഒന്ന് കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടതിനാൽ ചില സാങ്കേതിക തടസ്സങ്ങളുണ്ടായിട്ടുണ്ട്. അടുത്ത ദിവസം തന്നെ രണ്ടാമത്തെ കുങ്കിയാനയേയും ഇടുക്കിയിലെത്തിക്കും. ഈ വാഹനങ്ങൾ തിരിച്ചെത്തി വേണം ബാക്കി കുങ്കി ആനകളെയും കൊണ്ടുപോകാൻ. ഫോറസ്റ്റ് ചീഫ് വെറ്റിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 26 അംഗ സംഘവും ആർആർടി അംഗങ്ങളുമാണ് ഇടുക്കിയിൽ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിനൊപ്പം ചേരുന്നത്.
ദൗത്യസംഘം ഉദ്ദേശിക്കുന്ന സ്ഥലത്ത് ആനയെ എത്തിച്ചാൽ മാത്രമേ മയക്കുവെടി വെക്കാനാവൂ. ആനയെ ലോറിയിൽ കയറ്റണമെങ്കിൽ റോഡ് വേണം. പ്രദേശത്തേക്ക് റോഡില്ലെങ്കിൽ റോഡ് നിർമ്മിക്കേണ്ടതായി വരും, ഇത്തരത്തിൽ സങ്കീർണ്ണതകൾ ഏറെയാണ് അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിൽ.
Comments