ഡൽഹി: ബിജെപിയുടെ വിജയത്തിന് തടയിടുവാൻ പ്രതിപക്ഷ ഐക്യം കൊണ്ട് സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ. പ്രതിപക്ഷ ഐക്യം അസ്ഥിരവും ആശയപരമായി പ്രതിപക്ഷ പാർട്ടികളെല്ലാം പല വഴിക്കുമായതിനാൽ 2024-ൽ ബിജെപിയെ പരാജയപ്പെടുത്തുക അസാധ്യമാണ്. ബിജെപിയെ വെല്ലുവിളിക്കണമെങ്കിൽ, ആദ്യം അതിന്റെ ശക്തി മനസ്സിലാക്കണം. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സമകാലിക രാഷ്ട്രീയത്തിൽ മാറ്റങ്ങളൊന്നും ഉണ്ടാക്കിയില്ലെന്നും പ്രശാന്ത് കിഷോർ തുറന്നടിച്ചു.
‘ബിജെപിയെ വെല്ലുവിളിക്കണമെങ്കിൽ, നിങ്ങൾ ആ പ്രസ്ഥാനത്തിന്റെ ശക്തി ആദ്യം മനസ്സിലാക്കണം. ഹിന്ദുത്വം, ദേശീയത, ജനക്ഷേമം. ഇത് മൂന്നുമാണ് അവരുടെ നെടും തൂണുകൾ. ഇതിൽ രണ്ട് തൂണുകളെയെങ്കിലും പ്രതിപക്ഷത്തിന് മറികടക്കാൻ സാധിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് ബിജെപിയെ വെല്ലുവിളിക്കുക എന്നത് അസാധ്യം. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരെ പോരാടണമെങ്കിൽ പ്രത്യയശാസ്ത്രങ്ങളുടെ ഒരു കൂട്ടുകെട്ട് തന്നെ ഉണ്ടാകണം. ഗാന്ധിവാദികൾ, അംബേദ്കറൈറ്റ്സ്, സോഷ്യലിസ്റ്റുകൾ, കമ്മ്യൂണിസ്റ്റുകൾ. പ്രത്യയശാസ്ത്രം വളരെ പ്രധാനമാണ്. പക്ഷേ പ്രത്യയശാസ്ത്രത്തിന്റെ പേരിൽ എന്തെങ്കിലും മണ്ടൻ വിശ്വാസങ്ങൾ നിങ്ങൾക്ക് ഉണ്ടാകാൻ പാടില്ല’.
‘പാർട്ടികളുടെയോ നേതാക്കളുടെയോ ഒത്തുചേരലിനെ മാദ്ധ്യമങ്ങൾ പ്രതിപക്ഷ ഐക്യമായി കാണുന്നു. നേതാക്കൾ ഒരുമിച്ചിരുന്ന് ചായ കുടിച്ചാലോ, ഭക്ഷണം കഴിച്ചാലോ പ്രതിപക്ഷ ഐക്യം ഉണ്ടാകില്ല. ഞാൻ പ്രത്യയശാസ്ത്ര രൂപീകരണത്തിലാണ് ശ്രദ്ധിക്കുന്നത്. ആശയപരമായ ഒരു സഖ്യം പ്രതിപക്ഷ പാർട്ടികൾക്ക് രൂപികരിക്കാൻ സാധിക്കില്ല. അതുകൊണ്ട് ബിജെപിയെ പരാജയപ്പെടുത്താൻ അവർക്ക് സാധിക്കുകയുമില്ല. എന്റെ ലക്ഷ്യം കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്നതായിരുന്നു. എന്നാൽ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുടെ ലക്ഷ്യം തിരഞ്ഞെടുപ്പ് വിജയം മാത്രമായിരുന്നു. ആറ് മാസത്തെ ഭാരത് ജോഡോ യാത്രയിൽ അഭിനന്ദനങ്ങളും വിമർശനങ്ങളും ഉയർന്നു. ആറ് മാസത്തെ നടത്തത്തിന് ശേഷം നിങ്ങൾ എന്തെങ്കിലും വ്യത്യാസം കണ്ടോ? ആ യാത്ര തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ളതായിരുന്നു’ എന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
Comments