ഡെത്ത് ആഡർ എന്ന് കേട്ടിട്ടുണ്ടോ? ഒരു തവണ അവയെപ്പറ്റി മനസ്സിലാക്കിയാൽ ആ പേരു കേട്ടാൽ തന്നെ നിങ്ങളുടെ നട്ടെല്ല് ഒന്ന് മരവിക്കും. കാരണം ഇതൊരു കൊലയാളി പാമ്പാണ്. ഓസ്‌ട്രേലിയയിൽ നിന്നുള്ള ഒരു ഇനം പാമ്പാണിവ. ഓസ്ട്രേലിയൻ കരയിൽ ജീവിച്ചിരിക്കുന്ന മറ്റ് എല്ലാ പാമ്പുകളേക്കാളും കൂടിയ അളവിൽ വിഷം ശരീരത്തിൽ കുത്തിവെയ്‌ക്കാൻ ഈ കൊലയാളി പാമ്പുകൾക്ക് കഴിയും. അതിനായി ശക്തമായ, നീളം കൂടിയ പല്ലുകൾ ഡെത്ത് ആഡറുകൾക്ക് (അകാന്തോഫിസ് അന്റാർട്ടിക്കസ് ) ഉണ്ട്. ഒറ്റ കടിയിൽ ശരാശരി 85 മില്ലിഗ്രാം വിഷം ഇവ മനുഷ്യ ശരീരത്തിൽ കുത്തിവെയ്‌ക്കും.
ഒരു ഡെത്ത് ആഡർ കുത്തിവെയ്‌ക്കുന്ന ഏറ്റവും ഉയർന്ന തോതിലുള്ള വിഷം 160 മില്ലിഗ്രാം ആണ്. എന്നാൽ, അടുത്തിടെ നടന്ന പരീക്ഷണത്തിൽ ഈ കണക്ക് തെറ്റാണെന്ന് തെളിഞ്ഞു. ഓസ്‌ട്രേലിയൻ റെപ്‌റ്റൈൽ പാർക്കിൽ സംരക്ഷിച്ചു പോകുന്ന ‘ഷാസ’ എന്ന് വിളിപ്പേരുള്ള ഡെത്ത് ആഡറുകളിൽ ഒന്ന് അവിശ്വസനീയമാം വിധം വിഷം ഉൽപ്പാദിപ്പിച്ചു. ആരോഗ്യ പരിശോധനയ്‌ക്കിടെ ഷാസ ഉൽപ്പാദിപ്പിച്ചത് 270 മില്ലിഗ്രാം വിഷമാണ്. അതായത് ആരോഗ്യവാന്മാരായ 60 മനുഷ്യരെ കൊല്ലാൻ കഴിയുന്ന അത്രയും വിഷം. ഓസ്‌ട്രേലിയൻ റെപ്‌റ്റൈൽ പാർക്കിൽ സംരക്ഷിക്കപ്പെടുന്ന ഷാസയ്‌ക്ക് 40 ഇഞ്ചിലധികം നീളമുണ്ട്. 3.11 പൗണ്ട് ആയിരുന്നു ഈ പാമ്പിന്റെ തൂക്കം. ഒരു ഹെവിവെയ്റ്റ് ചാമ്പ്യനാണ് ഷാസ എന്ന് ഓസ്‌ട്രേലിയൻ റെപ്‌റ്റൈൽ പാർക്ക് അധികൃതർ വിളിക്കുന്ന ഈ ഡെത്ത് ആഡർ. അതായത്, ഒരു ശരാശരി ഡത്ത് ആഡറിന്റെ ഇരട്ടിയിലധികം വലിപ്പം.
തവളകൾ, പല്ലികൾ, പക്ഷികൾ എന്നിവയെയാണ് സാധാരണയായി ഡെത്ത് ആഡറുകൾ ഭക്ഷിക്കാറുള്ളത്. ഇരയെ തിരഞ്ഞു സഞ്ചിരിക്കുന്ന മറ്റ് ഓസ്ട്രേലിയൻ പാമ്പുകളിൽ നിന്നെല്ലാം വ്യത്യസ്തമായി ഡെത്ത് ആഡറുകൾ ഒരു സ്ഥത്തു തന്നെ ഇര വരുന്നതു വരെ കാത്തിരിക്കുന്നു. സാധാരണ ഡെത്ത് ആഡറിന് വീതിയേറിയതും പരന്നതും ത്രികോണാകൃതിയിലുള്ളതുമായ തലയാണുള്ളത്. ചാര, ക്രീം അല്ലെങ്കിൽ പിങ്ക് ശരീരത്തിൽ ചുവപ്പ്, തവിട്ട്, കറുപ്പ് നിറങ്ങളിൽ വരകളും കാണാം. ഏകദേശം 2.3–3.3 അടി വരെ നീളം വെയ്‌ക്കും ഇവ. കുറ്റിക്കാടുകൾക്കുള്ളിലാണ് ഇവ കൂടതലും താമസിക്കുന്നത്. അവയുടെ ആവാസ വ്യവസ്ഥയിലേക്ക് കടന്നു ചെല്ലുന്ന മനുഷ്യർക്ക് ഡെത്ത് ആഡറുകൾ വലിയ അപകടകാരിയാണ്.














