ഇന്ന് മാർച്ച് 22 ലോക ജലദിനം. ഭൂമിയിൽ ജീവിക്കുന്നതിന് അത്യാവശ്യം വേണ്ട ഒന്നാണ് ജലം. ജലത്തിന്റെ അഭാവത്തിൽ ഭൂമിയിലെ ജീവജാലങ്ങൾക്ക് നിലനിൽപ്പ് ഒരിക്കലും സാധ്യമല്ല. സംസ്ഥാനം വരൾച്ചയുടെയും കൊടുംചൂടിന്റെയും പിടിയിലമരുമ്പോഴാണ് ഇത്തവണത്തെ ജലദിനം കടന്നുപോകുന്നത്. വിവേകപൂർണ്ണമായി ഓരോ തുള്ളി ജലവും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത എത്രത്തോളമാണെന്നുള്ള അവബോധം സൃഷ്ടിക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ജലക്ഷാമം പരിഹരിക്കുന്നതിന് അതിവേഗ ചുവടുവയ്പ് എന്നതാണ് ഈ വർഷത്തെ ലോക ജലദിനത്തിന്റെ പ്രമേയം.
1992-ൽ റിയോ ഡി ജനീറോയിൽ വെച്ച് നടന്ന ഐക്യരാഷ്‌ട്രസഭയുടെ പരിസ്ഥിതിക്കും വികസനത്തിനുമായുള്ള സമ്മേളനത്തിലാണ് ജലദിനം എന്ന ആശയം ആദ്യമായി ഉയർന്നുവന്നത്. ശുദ്ധജലത്തിന്റെ പ്രാധാന്യവും അതിന്റെ ബുദ്ധിപരമായ വിനിയോഗത്തെയും കുറിച്ചു ലോകത്തെ ബോധ്യപ്പെടുത്താൻ ഒരു ദിനം വേണം എന്നതായിരുന്നു അംഗങ്ങൾ മുന്നോട്ടുവച്ച നിർദ്ദേശം. തുടർന്ന് ഐക്യരാഷ്‌ട്രസഭ 1993 മുതൽ മാർച്ച് 22-ന് ലോക ജലദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു.
കുടിവെള്ള സ്രോതസുകൾ ദിനംപ്രതി മലിനമാകുന്ന സാഹചര്യവും നിലവിലുണ്ട്്. മഹാനദികൾ പലതും ഇന്ന് മാലിന്യക്കൂമ്പാരമാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു, നമ്മൾ മലിനമാക്കുകയുമാണ്. കുടിവെള്ളം അമൂല്യമാണെന്നത് നാം ഒരിക്കലും മറക്കരുത്. ആഗോള തലത്തിൽ നേരിടുന്ന ജലക്ഷാമം പരിഹരിക്കുന്നതിന് കൂടുതൽ ഫലപ്രദമായ നടപടികൾ വേണമെന്നതാണ് ഈ വർഷത്തെ ജലദിന പ്രമേയം ഓർമ്മിപ്പിക്കുന്നത്.
രാജ്യത്ത് എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കാൻ വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതിയാണ് ‘ജൽ ജീവൻ മിഷൻ പദ്ധതി’. 2019-ൽ ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിന്റെ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. 3.5 ലക്ഷം കോടി രൂപയുടേതാണ് പദ്ധതി. സംസ്ഥാനങ്ങളും കേന്ദ്രവും പൊതുജനങ്ങളും വിഹിതത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തിന്റെ പകുതിയോളം ജനങ്ങൾ കുടിവെള്ളത്തിന് പ്രയാസം അനുഭവിക്കുന്നുണ്ട്. ഇത് വലിയൊരു പ്രതിസന്ധിയാണ്. രാജ്യത്ത് നിന്നും ദാരിദ്ര്യം നിർമാർജ്ജനം ചെയ്യുക എന്നതാണ് വീടുകളിൽ കുടിവെള്ളം എത്തിക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതിയുടെ ലക്ഷ്യം.
രാജ്യത്തെ പകുതിയോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി മുൻപ് കഷ്ടപ്പെട്ടിരുന്നു. അവരുടെ ഒരു ദിവസത്തിന്റെ പാതിയോളം കുടിവെള്ളം ശേഖരിക്കാനായി വിനിയോഗിക്കേണ്ടി വന്നിരുന്നു. അവരുടെ ദുരിതത്തിൽ കേന്ദ്രസർക്കാർ അവർക്കുവേണ്ടി ചിന്തിക്കുകയും കുടിവെള്ളം ലഭ്യമാക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇത് വെറുമാരു സർക്കാർ പദ്ധതി മാത്രമല്ല. ജനങ്ങളുടെ പദ്ധതിയായിരിക്കുമെന്നും സാധാരണക്കാരന്റെ സ്വപ്‌നങ്ങൾക്ക് ചിറക് നൽകുന്ന പദ്ധതിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഴവെള്ള സംഭരണം, ഭൂഗർഭ ജലത്തിന്റെ അളവ് വർദ്ധിപ്പിക്കൽ, ഗാർഹിക ഉപയോഗത്തിന് ശേഷമുണ്ടാകുന്ന മലിനജലത്തിന്റെ കൃഷിക്കായുള്ള പുനരുപയോഗം എന്നിവ ജൽ ജീവൻ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിന്റെയും സമാന പദ്ധതികൾ സംയോജിപ്പിച്ച് ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് ജൽ ജീവൻ മിഷൻ ലക്ഷ്യമിടുന്നത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 90 ശതമാനം സബ്‌സിഡിയോടുകൂടി കേരളത്തിലെ മുഴുവൻ കുടുംബങ്ങൾക്കും പുതിയ വാട്ടർ കണക്ഷൻ നൽകുന്നതിനുള്ള ജൽ ജീവൻ മിഷൻ പദ്ധതി കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവർത്തന സജ്ജമായി കഴിഞ്ഞു. നിലവിൽ വാട്ടർ അതോറിറ്റിയിൽ നിന്നും പുതിയ വാട്ടർ കണക്ഷൻ എടുക്കുന്നതിന് 7500 മുതൽ 25000 രൂപയും അതിന് മുകളിലും പല പ്ലംബർമാരും അനധികൃതരായ ചില ഏജന്റുമാരും ഈടാക്കുന്നുണ്ട്. പുതിയ വാട്ടർ കണക്ഷൻ എടുക്കുമ്പോൾ ഉപഭോക്താക്കൾ പലരീതിയിലും കബളിപ്പിക്കപ്പെടാറുണ്ട്. ഇത്തരത്തിൽ പല ഇനത്തിലും അനധികൃതമായും അമിതമായും തുക ഈടാക്കുന്നതിനാൽ ജനങ്ങൾക്ക് പുതിയ വാട്ടർ കണക്ഷൻ എന്നത് സാധിച്ചിരുന്നില്ല. ജൽ ജീവൻ പദ്ധതിയോടെ ഇതിന് മാറ്റം വന്നു. ജൽ ജീവൻ മിഷൻ പദ്ധതി വഴി കേരളത്തിലെ മുഴുവൻ കുടുംബങ്ങൾക്കും എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ തുച്ഛമായ 10 ശതമാനം ഗുണഭോക്തൃവിഹിതം മാത്രം അടച്ചു പുതിയ വാട്ടർ കണക്ഷൻ എടുക്കാവുന്നതാണ്.
പുതിയ വാട്ടർ കണക്ഷൻ എടുക്കാൻ
ഇത് മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും ഉള്ള പദ്ധതി ആയതിനാൽ അപേക്ഷിക്കുന്ന എല്ലാവർക്കും മുൻഗണനാ ക്രമമനുസരിച്ച് വാട്ടർ കണക്ഷൻ ലഭിക്കും. കേന്ദ്ര മാനദണ്ഡമനുസരിച്ച് ഈ പദ്ധതിയുടെ ഉടമസ്ഥ ഉത്തരവാദിത്വം ഗ്രാമപഞ്ചായത്തിനും ഗുണഭോക്തൃ സമിതികൾക്കും ആണ്. വാട്ടർ കണക്ഷൻ എടുക്കുന്നതിന് പഞ്ചായത്തിലോ വാർഡ് മെമ്പറേയോ സമീപിച്ച് അപേക്ഷ നൽകം. സംശയ നിവാരണത്തിനും മാർഗ്ഗനിർദ്ദേശങ്ങൾക്കും പഞ്ചായത്തിലെ വാട്ടർ അതോറിറ്റി ചുമതലയുള്ള അസിസ്റ്റൻറ് എഞ്ചിനീയറെ സമീപിക്കാം. അല്ലെങ്കിൽ ട്രോൾ ഫ്രീ നമ്പറായ 1916-ൽ ബന്ധപ്പെടുക.















