തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ സൗജന്യയാത്രാ പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന പരാതികൾ ശക്തമാകുന്നതിനിടെ, സ്ഥിതിഗതികൾ പഠിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിക്കാൻ ഒരുങ്ങുന്നു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
ഇതിനിടെ, സ്വകാര്യ ബസ് ഉടമാ സംഘടനകളുമായി ജൂലൈ 13-ന് ഗതാഗതമന്ത്രി നിർണായക ചർച്ച നടത്തും. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കൽ, സ്വകാര്യ ബസുകളിലും സർക്കാർ ചെലവിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കൽ, ഡീസൽ സബ്സിഡി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ യോഗത്തിൽ ബസ് ഉടമകൾ മുന്നോട്ടുവയ്‌ക്കും.
ബസ് ഉടമകളുടെ കണക്ക് പ്രകാരം, ഗ്രാമപ്രദേശങ്ങളിലേക്ക് ദിവസം ഒമ്പത് സർവീസ് നടത്തുന്ന ഒരു ബസിന് ഡീസൽ നിറയ്‌ക്കാൻ മാത്രം പ്രതിദിനം 4,500 മുതൽ 5,000 രൂപ വരെ ചെലവാകുന്നു. ജീവനക്കാരുടെ ശമ്പളം, ഫിനാൻസ് അടവ്, നികുതി, ഇൻഷുറൻസ്, അറ്റകുറ്റപ്പണി എന്നിവ കൂടി ചേർന്നാൽ പ്രവർത്തനച്ചെലവ് കുത്തനെ ഉയരുകയാണ്.
മുമ്പ് ഒരു ദിവസം ശരാശരി 9,000 രൂപ വരെ വരുമാനം ലഭിച്ചിരുന്ന സ്ഥാനത്ത്, ഇന്ധനവില വർധനയും കെ.എസ്.ആർ.ടി.സിയുടെ ‘പ്രിയദർശിനി’ സൗജന്യയാത്രാ പദ്ധതിയും വന്നതോടെ പ്രതിദിന വരുമാനം 6,000 മുതൽ 7,000 രൂപ വരെയായി കുറഞ്ഞെന്നാണ് ബസ് ഉടമകളുടെ ആരോപണം.
സർക്കാർ ദിവസ നികുതിയിൽ ഇളവ് നൽകിയിട്ടും അത് മതിയായ ആശ്വാസമല്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്. അതിനാൽ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യമാണ് സംഘടനകൾ ശക്തമായി ഉന്നയിക്കുന്നത്.















