മുംബൈ: താനുമായി ആരെയും താരതമ്യം ചെയ്യേണ്ടതില്ല എന്ന് മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗ്. അടുത്തിടെ യുവ ഇന്ത്യൻ താരം ഋഷഭ് പന്തിനെ സേവാഗുമായി താരതമ്യം ചെയ്ത് പലരും സംസാരിച്ചിരുന്നു. ഇതിനെപ്പറ്റി ചോദിച്ച ഒരു സ്പോർട് ചാനലിനോടാണ് ഇന്ത്യയുടെ എക്കാലത്തെയും വെടിക്കെട്ട് ബാറ്ററിന്റെ പ്രതികരണം. ഇപ്പോഴത്തെ ഇന്ത്യൻ ടീമിലുള്ള ആരുമായും തന്നെ താരതമ്യം ചെയ്യേണ്ടതില്ല. താൻ കളിച്ചിരുന്നതു പോലെ ഇപ്പോഴത്തെ ടീമിലുള്ള ആരും കളിക്കുന്നില്ലെന്നും ഋഷഭ് പന്ത് നന്നായി ബാറ്റ് ചെയ്താൽ ആരാധകർ അത് കൂടുതൽ ആസ്വദിക്കുമെന്നും സെവാഗ് പറഞ്ഞു.
‘ഇപ്പോഴത്തെ ഇന്ത്യൻ ടീമിലുള്ള ഒരു താരവും എന്നെപ്പോലെ ബാറ്റു ചെയ്യുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല. പിന്നെയും, ബാറ്റിംഗ് രീതിയിൽ കുറച്ചെങ്കിലും സാമ്യമുള്ളത് പൃഥ്വി ഷായ്ക്കും ഋഷഭ് പന്തിനുമാണ്. പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ ഋഷഭ് പന്തിന് ഞാനുമായി നന്നായി സാമ്യമുണ്ട്. എന്നാൽ, 90–100 റൺസുകൊണ്ട് തൃപ്തിപ്പെടുന്ന താരമാണ് പന്ത്. ഞാൻ അങ്ങനെയല്ല. 200, 250, 300 എന്നിങ്ങനെ ഞാൻ സ്കോർ ചെയ്തിട്ടുണ്ട്. അത്തരത്തിൽ ഋഷഭ് പന്ത് കളിച്ചാൽ ആരാധകർ അതു നന്നായി ആസ്വദിക്കും’.
‘ബൗണ്ടറികളിലൂടെ കൂടുതൽ റൺ നേടുകയെന്ന ചിന്ത എനിക്കുണ്ടായത് ടെന്നീസ് ബോൾ ക്രിക്കറ്റിലൂടെയാണ്. ടെന്നീസ് ബോൾ ക്രിക്കറ്റ് സ്ഥിരം കളിക്കുന്ന ആളായിരുന്നു ഞാൻ. രാജ്യാന്തര ക്രിക്കറ്റിലും ഈ മനോഭാവത്തോടെയാണ് കളിക്കാൻ ഇറങ്ങിയിരുന്നത്. സെഞ്ച്വറിയൊക്കെ അടിക്കാൻ എത്ര ബൗണ്ടറികൾ വേണമെന്ന് ഞാൻ കണക്കു കൂട്ടാറുണ്ടായിരുന്നു. ഇപ്പോൾ ഞാൻ 90 റൺസുമായി ക്രീസിൽ നിൽക്കുകയാണെന്നിരിക്കട്ടെ. സെഞ്ച്വറിക്കായി എനിക്കു വേണ്ടത് 10 റൺസാണ്. അത് നേടാൻ 10 പന്തുകൾ വേണ്ടിവന്നാൽ എതിരാളിക്ക് എന്നെ പുറത്താക്കാൻ 10 പന്തുകൾ കൂടി ലഭിക്കും. അങ്ങനെ ചിന്തിക്കുന്നതിനാലാണ് ഞാൻ ബൗണ്ടറികൾ അടിക്കുന്നത്’- എന്നും വിരേന്ദ്രർ സെവാഗ് പറഞ്ഞു.
Comments