കലാവസ്ഥയിൽ വരുന്ന മാറ്റങ്ങളും പനി, ജലദോഷം തുടങ്ങിയ രോഗങ്ങൾ വരുമ്പോഴും തണുപ്പടിച്ചാലും അമിതമായി ശബ്ദം എടുത്ത് സംസാരിക്കുകയോ അലറുകയോ ചെയ്താലുമെല്ലാം നമുക്ക് ഒച്ചയടപ്പ് ഉണ്ടാകും. നിങ്ങളുടെ ഒച്ചയടപ്പ് ദിവസങ്ങൾ കഴിഞ്ഞിട്ടും വിട്ടുമാറിയില്ലെങ്കിൽ ഉറപ്പായും ഒരു ഡോക്ടറിനെ കാണിക്കണം. ഓട്ടോളറിംഗോളജിസ്റ്റിന് നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കും. എന്നാൽ ചെറിയ ഒച്ചയടപ്പ് മാത്രമെ ഉള്ളുവെങ്കിൽ അത് പരിഹരിക്കാനുള്ള പൊടികൈകൾ നമ്മുടെ വീട്ടിൽ തന്നെയുണ്ട്. അതറിയുന്നതിന് മുമ്പ് എന്താണ് ശബ്ദ പ്രശ്നങ്ങൾക്ക് കാരണമാകുന്നത് എന്ന് അറിഞ്ഞിരിക്കണം.
ശ്വാസകോശ അണുബാധ, ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് മൂലമുണ്ടാകുന്ന വീക്കം (ചിലപ്പോൾ ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചിൽ അല്ലെങ്കിൽ GERD എന്ന് വിളിക്കുന്നു), ഉറക്കെ ശബ്ദമുയർത്തുന്നതും അലറുന്നതും, വോക്കൽ നോഡ്യൂളുകൾ അല്ലെങ്കിൽ ലാറിഞ്ചിയൽ പാപ്പിലോമറ്റോസിസ് പോലുള്ള വോക്കൽ ഫോൾഡുകളിലെ വളർച്ച, ശ്വാസനാളത്തിന്റെ കാൻസർ, ന്യൂറോളജിക്കൽ രോഗങ്ങൾ ( സ്പാസ്മോഡിക് ഡിസ്ഫോണിയ അല്ലെങ്കിൽ വോക്കൽ ഫോൾഡ് പക്ഷാഘാതം പോലുള്ളവ), മാനസിക ആഘാതം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടും ശബ്ദത്തിന് പ്രശ്നമുണ്ടായേക്കാം.
ധാരാളം വെള്ളം കുടിക്കുക, ശബ്ദത്തിന് നന്നായി വിശ്രമം നൽകുക, വോക്കൽ ഫോൾഡുകൾ വരണ്ടതാകാൻ കാരണമാകുന്ന മരുന്നുകളുടെ ഉപയോഗം ഒഴിവാക്കുകയോ കുറയ്‌ക്കുകയോ ചെയ്യുക, പുകവലിക്കരുത്, എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക, നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്തുക, ആവശ്യത്തിന് വിശ്രമിക്കുക(ശാരീരിക ക്ഷീണം ശബ്ദത്തെ പ്രതികൂലമായി ബാധിക്കുന്നു), മൗത്ത് വാഷ് സ്ഥിരമായി ഉപയോഗിക്കരുത്, വിവേകത്തോടെ മാത്രം ശബ്ദം പുറപ്പെടുവിക്കുക. ഇതെല്ലാം ശ്രദ്ധിച്ചാൽ തന്നെ ഒച്ചയടപ്പ് ഉണ്ടാകാനുള്ള സാധ്യത കുറയും.
സ്ഥിരമായി ഒച്ചയടപ്പ് ഉണ്ടാവാറുള്ളവർ ചില പൊടികൈകൾ കൂടി അറിഞ്ഞുവെച്ചോളൂ…
1. 5 ഗ്രാം കുരുമുളക് പൊടി 10 ഗ്രാം തേനിൽ യോജിപ്പിച്ച് 3 ആഴ്ച സ്ഥിരമായി കഴിച്ചാൽ ഒച്ചയടപ്പിന് ആശ്വാസം ലഭിക്കും.
2. 5 ഗ്രാം കല്ലുപ്പ് ഒരു സ്പൂൺ ചെറുനാരങ്ങ നീരിൽ ചേർത്ത് രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിക്കണം. ഇത് മുടങ്ങാതെ ഒരാഴ്ച കഴിച്ചാൽ ഒച്ചയടപ്പ് പരിഹരിക്കാം.
3. താന്നിക്ക, തിപ്പലി, ഇന്തുപ്പ് ഇവ മോരിൽ അരച്ച് ചേർത്ത് കഴിക്കുക.
4. ആടലോടകത്തിന്റെ ഇലയുടെ നീരിൽ കുരുമുളക് പൊടിച്ചു ചേർത്ത് കഴിക്കുക.
5. മുയൽ ചെവിയൻ സമൂലം അരച്ച് കഴുത്തിൽ പുരട്ടുന്നതും ഒച്ചയടപ്പ് മാറാൻ സഹായിക്കും.
Comments